എംജി മോട്ടോഴ്‌സിന്റെ ആസ്റ്റര്‍ അടുത്ത മാസത്തോടെ വില്‍പ്പന അരംഭിക്കും

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ പുതിയ മോഡലായ ആസ്റ്ററിനെ അടുത്തിടെയാണ് വിപണിയില്‍ അനാവരണം ചെയ്തത്. ഈ മിഡ്‌സൈസ് എസ്‌യുവിക്കായുള്ള വില്‍പ്പന 2021 ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്ന ഒക്ടോബര്‍ ഏഴിനായിരിക്കും ഓണ്‍ലൈനിലൂടെ ഫ്‌ലാഷ് സെയിലിന് തുടക്കമാകുക എന്ന് ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനത്തിന്റെ വില, വേരിയന്റ്, ഫീച്ചര്‍ വിശദാംശങ്ങള്‍ എന്നിവ അടുത്ത മാസം ആദ്യം എംജി മോട്ടോര്‍സ് പ്രഖ്യാപിക്കും. ആസ്റ്റര്‍ വില്‍പ്പനയ്ക്ക് എത്തുന്നതോടെ വിതരണ ശൃംഖല സ്ഥിരമാകുമ്പോള്‍ പ്രതിമാസം 7,000 മുതല്‍ 8,000 യൂണിറ്റുകള്‍ വരെ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

10 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാകും ആസ്റ്റര്‍ എസ്‌യുവിക്ക് മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചന. ഈ വില ശ്രേണിയില്‍ ഹ്യുണ്ടായി ക്രെറ്റ, സ്‌കോഡ കുഷാഖ്, കിയ സെല്‍റ്റോസ്, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നിവയ്‌ക്കെതിരെ ഇത് നേര്‍ക്കുനേര്‍ മത്സരിക്കും. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സാവി എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ പുതിയ എംജി എസ്‌യുവി വരുമെന്നാണ് സൂചന.

ഇവി മോഡലായ ഇസഡ്എസിന്റെ പെട്രോള്‍ പവര്‍ പതിപ്പാണ് ആസ്റ്റര്‍. ഹെക്ടറിന് താഴെയായിട്ടായിരിക്കും എം.ജി ഇന്ത്യന്‍ നിരയില്‍ ആസ്റ്റര്‍ സ്ഥാനം പിടിക്കുക. സാഗ്രിയ റെഡ്, ഐകോണിക് ഐവറി ഡ്യൂവല്‍ കളറുകളും ട്യൂക്‌സെഡോ ബ്ലാക്കുമടക്കം മൂന്നു തരം ഇന്റീരിയര്‍ കളറുകളില്‍ വാഹനം തെരെഞ്ഞെടുക്കാം.

Top