ആസ്റ്റർ എസ്‌യുവിയുടെ ബുക്കിംഗ് വീണ്ടും തുടങ്ങി എംജി മോട്ടോർ

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം‌ജി മോട്ടോർ ഈ മാസം ആദ്യമാണ് 9.78 ലക്ഷം രൂപയ്ക്ക് ആസ്റ്റർ എസ്‌യുവി പുറത്തിറക്കിയത്​.  കഴിഞ്ഞ ദിവസമാണ്​ വാഹനത്തിനുള്ള ബുക്കിംഗ്​ കമ്പനി സ്വീകരിച്ചുതുടങ്ങിയത്​. 20 മിനിറ്റുകൊണ്ട്​ 5000 ബുക്കിംഗ്​ നേടിയതിനെ തുടർന്ന്​ ബുക്കിംഗ് തൽക്കാലത്തേക്ക്​ നിർത്തിവയ്​ക്കുകയും ചെയ്​തിരുന്നു. 2021ൽ 5000 വാഹനങ്ങൾ മാത്രം നിരത്തിലെത്തിക്കാനുള്ള തീരുമാനത്തിലാണ്​ കമ്പനി. എന്നാൽ 2022ലേക്കുള്ള ബുക്കിംഗുകൾ കമ്പനി വീണ്ടും സ്വീകരിച്ചുതുടങ്ങിയതായി​ മിന്‍റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

25,000 രൂപ നൽകിയായിരുന്നു ആസ്​റ്റർ ബുക്ക്​ ചെയ്യേണ്ടത്​. എം.ജിയുടെ ഔദ്യോഗിക വെബ്‍ സൈറ്റ്​ വഴിയോ ഡീലർഷിപ്പുകൾവഴിയോ വാഹനം ബുക്ക്​ ചെയ്യാനാന്‍ സാധിക്കും. ആസ്റ്ററി​ന്‍റെ ആദ്യ ബാച്ചി​ന്‍റെ ഡെലിവറി 2021 നവംബർ മുതൽ ആരംഭിക്കും. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ തങ്ങൾ ആവേശഭരിതരാണെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്‍റും എംഡിയുമായ രാജീവ് ഛാബ പറഞ്ഞു. ആഗോള ചിപ്പ് പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ, ഈ വർഷം പരിമിതമായ എണ്ണം കാറുകൾ മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. അടുത്ത വർഷം മുതൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

എം‌ജി ഹെക്ടർ, എം‌ജി ഹെക്ടർ പ്ലസ്, എം‌ജി ഇസഡ്എസ് ഇവി, എം‌ജി ഗ്ലോസ്റ്റർ എന്നിവയ്ക്ക് ശേഷം ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ അഞ്ചാമത്തെ ഉൽ‌പ്പന്നമാണ് പുതിയ എം‌ജി ആസ്റ്റർ എസ്‌യുവി. ഈ മാസം ആദ്യം 9.78 ലക്ഷം രൂപയ്ക്കാണ്​ ആസ്റ്റർ എസ്‌യുവി കമ്പനി പുറത്തിറക്കിയത്​. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുടെ എതിരാളിയാണ്​ ആസ്​റ്റർ. സ്റ്റൈൽ, സൂപ്പർ, സ്​മാർട്ട്, ഷാർപ്പ് എന്നിങ്ങനെ നാല് വേരിയന്റുകളാണ്​ വാഹനത്തിനുള്ളത്​. എംജി മോട്ടോറിന്റെ ഓട്ടോണമസ് ലെവൽ 2 സിസ്റ്റമായ അഡ്വാൻസ്​ഡ്​ ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (ADAS) ആസ്​റ്ററിന്​ ലഭിക്കും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, നിസ്സാൻ കിക്ക്സ്, റെനോ ഡസ്റ്റർ തുടങ്ങിയവരാണ് ആസ്റ്ററിന്‍റെ മുഖ്യ എതിരാളികൾ.

Top