എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിക്കുന്നു

വാഹന മേഖലയില്‍ തരംഗമായി മുന്നേറുന്ന എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിക്കുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ വാഹനത്തിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങും. നിലവിലുള്ള ഉത്പാദന ശേഷിയെക്കാള്‍ കൂടുതല്‍ ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് ജൂലൈ അവസാനമാണ് ഹെക്ടറിന്റെ ബുക്കിങ് എംജി താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. അതുവരെ ഏകദേശം 28,000 ബുക്കിങ്ങുകള്‍ വാഹനത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മുതല്‍ പ്രതിമാസ ഉത്പാദനം 3000 യൂണിറ്റിലെത്തിക്കുമെന്നും എംജി അറിയിച്ചിരുന്നു.

ജൂണ്‍ ഹെക്ടറിന്റെ നാലിനാണ് ബുക്കിങ് തുടങ്ങിയത്. വില പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ പതിനായിരത്തിലധികം ബുക്കിങ്ങുകള്‍ ലഭിച്ചിരുന്നു. തികച്ചും മത്സരക്ഷമമായ വിലയിലാണ് എംജി ഹെക്ടര്‍ എത്തുന്നത്. കൂറഞ്ഞ വിലയും പ്രീമിയം സെഗ്‌മെന്റുകളില്‍ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വന്‍ജനപ്രീതിക്കു പിന്നില്‍.

പെട്രോള്‍ എന്‍ജിനുള്ള അടിസ്ഥാന വകഭേദമായ സ്‌റ്റൈലിന് 12.18 ലക്ഷം രൂപ മുതല്‍ ഡീസല്‍ എന്‍ജിനുള്ള മുന്തിയ വകഭേദമായ ഷാര്‍പ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഷോറൂം വില. മൂന്നു എന്‍ജിന്‍ സാധ്യതകളോടെയാണ് ഹെക്ടറിന്റെ വരവ്. രണ്ടു പെട്രോളും ഒരു ഡീസലും. 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് 143 പി എസ് വരെ കരുത്തും 250 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയോടെയും ഈ എന്‍ജിന്‍ ലഭ്യമാവും.

ജീപ് കോംപസിലും ടാറ്റ ഹാരിയറിലുമുള്ള രണ്ടു ലീറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിന്‍ തന്നെയാണു ഹെക്ടറിലുമെത്തുന്നത്. 173 പിഎസോളം കരുത്തും 350 എന്‍ എം ടോര്‍ക്കുമാണ് ഹെക്ടറില്‍ ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും പെട്രോള്‍ എന്‍ജിനൊപ്പം ഡി.സി.ടി ഗിയര്‍ബോക്‌സുമാണ് ലഭിക്കുന്നത്.

Top