ബുക്കിങ് പുനരാരംഭിച്ചതിനൊപ്പം ഹെക്ടറിന്റെ വിലയിലും വര്‍ധനവ്

ബുക്കിങ് പുനരാരംഭിച്ചതിനൊപ്പം ഹെക്ടറിന്റെ വിലയില്‍ വര്‍ധനവേര്‍പ്പെടുത്തി എംജി മോട്ടോര്‍ ഇന്ത്യ. പ്രതീക്ഷിച്ചതിലെ ആവശ്യക്കാരെത്തിയതോടെ കഴിഞ്ഞ ജൂലൈയില്‍ ഹെക്ടറിന്റെ ബുക്കിങ് കമ്പനി താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. നവംബറോടെ വാഹന ഉല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിച്ച് ബുക്കിങ് നടത്തി കാത്തിരിക്കുന്നവര്‍ക്ക് വാഹനം കൈമാറാനുള്ള ശ്രമമാണു കമ്പനി നടത്തി വരുന്നത്.

ഇതിനു പിന്നാലെ ഹെക്ടറിന്റെ രണ്ടാം ഘട്ട ബുക്കിങ് ആരംഭിച്ചതോടെയാണു വാഹന വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. 12.48 ലക്ഷം മുതല്‍ 17.28 ലക്ഷം രൂപ വരെയാണു ഹെക്ടര്‍ ശ്രേണിയുടെ പുതുക്കിയ ഷോറൂം വില. മോഡല്‍ അടിസ്ഥാനമാക്കി 30,000 മുതല്‍ 40,000 രൂപയുടെ വരെ വര്‍ധനയാണു കഴിഞ്ഞ 25 മുതലുള്ള ബുക്കിങ്ങുകള്‍ക്കു പ്രാബല്യത്തിലെത്തിയത്.

അടുത്ത ഏപ്രിലില്‍ മലിനീകരണ നിയന്ത്രണത്തില്‍ ബിഎസ് ആറ് നിലവാരം പ്രാബല്യത്തിലെത്തുന്നതോടെ വാഹനത്തിന്റെ വില വീണ്ടും ഉയരാനാണു സാധ്യത. നിലവില്‍ ബിഎസ് നാല് നിലവാരമുള്ള എന്‍ജിനുകളോടെയാണു ഹെക്ടര്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.

Top