സൂപ്പര്‍ഹിറ്റായി ഹെക്ടര്‍; ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് എംജി

പുറത്തിറങ്ങി ഒരു മാസം തികയും മുമ്പേ സൂപ്പര്‍ഹിറ്റായി എംജി ഹെക്ടര്‍. നിലവിലുള്ള ഉത്പാദനശേഷിയെക്കാള്‍ കൂടുതല്‍ ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് ഹെക്ടറിന്റെ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് എംജി. വില പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ പതിനായിരത്തിലധികം ബുക്കിങ്ങുകള്‍ ലഭിച്ചിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ നാലിനാണ് ബുക്കിങ് തുടങ്ങിയത്. ഇതുവരെ 21,000 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചത്.

തികച്ചും മത്സരക്ഷമമായ വിലയിലാണ് എംജി ഹെക്ടര്‍ എത്തുന്നത്. കൂറഞ്ഞ വിലയും പ്രീമിയം സെഗ്‌മെന്റുകളില്‍ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വന്‍ജനപ്രീതിക്കു പിന്നില്‍. പെട്രോള്‍ എന്‍ജിനുള്ള അടിസ്ഥാന വകഭേദമായ സ്‌റ്റൈലിന് 12.18 ലക്ഷം രൂപ മുതല്‍ ഡീസല്‍ എന്‍ജിനുള്ള മുന്തിയ വകഭേദമായ ഷാര്‍പ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഷോറൂം വില. മൂന്നു എന്‍ജിന്‍ സാധ്യതകളോടെയാണ് ഹെക്ടറിന്റെ വരവ്, രണ്ടു പെട്രോളും ഒരു ഡീസലും. 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് 143 പി എസ് വരെ കരുത്തും 250 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയോടെയും ഈ എന്‍ജിന്‍ ലഭ്യമാവും.

സ്റ്റാര്‍ട് സ്റ്റോപ് സിസ്റ്റം, റീജനറേറ്റീവ് ബ്രേക്കിങ്, ടോര്‍ക്ക് ഫില്‍ ഫങ്ഷന്‍ തുടങ്ങിയവയാണ് ഈ കൂട്ടുകെട്ടിന്റെ സവിശേഷത. ജീപ് കോംപസിലും ടാറ്റ ഹാരിയറിലുമുള്ള രണ്ടു ലീറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിന്‍ തന്നെയാണു ഹെക്ടറിലുമെത്തുന്നത്. 173 പി എസോളം കരുത്തും 350 എന്‍ എം ടോര്‍ക്കുമാണ് ഹെക്ടറില്‍ ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സും പെട്രോള്‍ എന്‍ജിനൊപ്പം ഡി സി ടി ഗീയര്‍ബോക്‌സുമാവും ട്രാന്‍സ്മിഷന്‍ സാധ്യതകള്‍.

നാലു വകഭേദങ്ങളിലാണു ഹെക്ടര്‍ വില്‍പനയ്‌ക്കെത്തുക: സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്, ഷാര്‍പ്പ്. കാന്‍ഡി വൈറ്റ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്ക്, ബര്‍ഗണ്ടി റെഡ്, ഗ്ലെയ്‌സ് റെഡ് നിറങ്ങളിലാണു കാര്‍ ലഭിക്കുക. ഹെക്ടറിന്റെ സ്മാര്‍ട്, ഷാര്‍പ് വകഭേദങ്ങള്‍ മാത്രമാണു ഗ്ലെയ്‌സ് റെഡ് നിറത്തില്‍ വിപണിയിലുണ്ടാവുക. ഹെക്ടറിന്റെ മുന്തിയ പതിപ്പായ ഷാര്‍പ്പില്‍ എസ്‌യുവി വിഭാഗത്തില്‍ ഇതുവരെ കാണാത്ത പുതുമകളും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയാണ് എംജി മോട്ടര്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.

വോയ്‌സ് കമാന്‍ഡും കണക്ടഡ് കാര്‍ സാങ്കേതികവിദ്യയും സഹിതം വലിപ്പമുള്ള 10.4 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, ഹീറ്റഡ് ഔട്ടര്‍ മിറര്‍, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പര്‍, ഓട്ടോമാറ്റിക് ഹെഡ്ലാംപ്, നാലു വിധത്തില്‍ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, എട്ടു നിറങ്ങളിലുള്ള മൂഡ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയൊക്കെ കാറിലുണ്ടാവും.

Top