സ്വപ്ന വാഹനം എംജി ഹെക്ടര്‍ ബുക്കിങ് പുനരാരംഭിച്ചു; വിലയിലും വര്‍ദ്ധനവ്‌

നിരത്തിലിറങ്ങി ദിവസങ്ങള്‍ക്കകം വാഹനപ്രേമികളുടെ മനസ്സ് കീഴടക്കിയ വാഹനമാണ് എംജിയുടെ ഹെക്ടര്‍. സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ഹെക്ടറിനായി എണ്ണായിരത്തോളം പുതിയ ബുക്കിങ് ലഭിച്ചതായി നിര്‍മാതാക്കളായ എം ജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഇടക്കാലത്ത് നിര്‍ത്തി വച്ച ബുക്കിങ് ഏതാനും ദിവസം മുമ്പ് പുനരാരംഭിച്ചതോടെയാണു ഹെക്ടറിനായി കൂടുതല്‍ ആവശ്യക്കാര്‍ രംഗത്തെത്തിയത്.

ജൂലെ 27ന് പുറത്തിറക്കിയ വാഹനത്തിന് വന്‍തോതില്‍ ആവശ്യമേറിയതോടെ താത്കാലികമായി ബുക്കിങ് നിര്‍ത്തി വച്ചിരുന്നു.ആദ്യ ഘട്ടത്തില്‍ 28,000 ബുക്കിങ്ങാണു ‘ഹെക്ടര്‍’ വാരിക്കൂട്ടിയതെന്നാണ് എം ജി മോട്ടോര്‍ നല്‍കിയ സൂചന. പിന്നീട് ബുക്കിങ് പുനഃരാരംഭിച്ച ആദ്യ എട്ടോ ഒന്‍പതോ ദിവസത്തിനകം തന്നെ എണ്ണായിരത്തോളം പേരാണ് ഹെക്ടര്‍ സ്വന്തമാക്കാനെത്തിയതെന്നു കമ്പനിയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ ഗൗരവ് ഗുപ്ത അറിയിച്ചു. ഗുജറാത്തിലെ ഹാലോളിലുള്ള നിര്‍മാണശാലയില്‍ രണ്ടാം ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിക്കുന്ന സാഹചര്യത്തിലാണ് എം ജി മോട്ടോര്‍ ‘ഹെക്ടറി’നുള്ള ബുക്കിങ് പുനഃരാരംഭിച്ചതെന്നും ഗുപ്ത വിശദീകരിച്ചു.

ഉല്‍പ്പാദന ശേഷിയിലെ പരിമിതി മൂലം പുതിയ വാഹനത്തിനുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നത് ഒഴിവാക്കാനായിരുന്നു എം ജി മോട്ടോറിന്റെ ഉല്‍പ്പാദനം നിര്‍ത്തിവച്ചിരുന്നത്.

അതേസമയം,സ്വപ്ന വാഹനത്തിന്റെ രണ്ടാം ഘട്ട ബുക്കിങ് ആരംഭിച്ചതോടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. 12.48 ലക്ഷം മുതല്‍ 17.28 ലക്ഷം രൂപ വരെയാണു ‘ഹെക്ടര്‍’ ശ്രേണിയുടെ പുതുക്കിയ ഷോറൂം വില. മോഡല്‍ അടിസ്ഥാനമാക്കി 30,000 മുതല്‍ 40,000 രൂപയുടെ വരെ വര്‍ധനയാണു കഴിഞ്ഞ 25 മുതലുള്ള ബുക്കിങ്ങുകള്‍ക്കു പ്രാബല്യത്തിലെത്തിയത്.

മൂന്നു എന്‍ജിന്‍ സാധ്യതകളോടെയാണ് ഹെക്ടറിന്റെ വരവ്. രണ്ടു പെട്രോളും ഒരു ഡീസലും. 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് 143 പി.എസ് വരെ കരുത്തും 250 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയോടെയും ഈ എന്‍ജിന്‍ ലഭ്യമാവും.

ജീപ് കോംപസിലും ടാറ്റ ഹാരിയറിലുമുള്ള രണ്ടു ലീറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിന്‍ തന്നെയാണു ഹെക്ടറിലുമെത്തുന്നത്. 173 പിഎസോളം കരുത്തും 350 എന്‍ എം ടോര്‍ക്കുമാണ് ഹെക്ടറില്‍ ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സും പെട്രോള്‍ എന്‍ജിനൊപ്പം ഡി സി ടി ഗീയര്‍ബോക്‌സുമാണ് ലഭിക്കുന്നത്. നിലവില്‍ രാജ്യത്തെ 120 കേന്ദ്രങ്ങളിലാണ് എം ജി മോട്ടോറിനു സാന്നിധ്യമുള്ളത്. വര്‍ഷാവസാനത്തോടെ ഇത് 250 ആയി ഉയര്‍ത്താനാണു പദ്ധതി. മുംബൈയില്‍ ഏഴു വില്‍പ്പന കേന്ദ്രങ്ങളുള്ളത് അടുത്ത മാര്‍ച്ചോടെ 11 ആക്കി ഉയര്‍ത്തും.

Top