പുതിയ അഞ്ചു സീറ്റര്‍ ഹെക്ടറിന്റെ വീഡിയോ പുറത്തുവിട്ട് എംജി

പുതിയ അഞ്ചു സീറ്റര്‍ ഹെക്ടര്‍ എസ്യുവിയെ മെയ് 15ന് ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കും. മുന്നോടിയായി ഹലോല്‍ ശാലയില്‍ ഹെക്ടര്‍ എസ്യുവികള്‍ നിര്‍മ്മിക്കുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തുന്ന വീഡിയോ എംജി പുറത്തുവിട്ടിരിക്കുകയാണ്. ജൂണിലാണ് ഹെക്ടര്‍ വില്‍പ്പനയ്ക്ക് അണിനിരക്കുക. 15 മുതല്‍ 20 ലക്ഷം രൂപ വരെ ഹെക്ടറിന് വില പ്രതീക്ഷിക്കാം.

നൂതനമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഓപ്ഷനുകള്‍ ഹെക്ടറില്‍ ഒരുങ്ങുന്നുണ്ട്. ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, കണക്ടിവിറ്റി, സര്‍വീസസ്, ആപ്ലിക്കേഷന്‍ തലങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന i-SMART സംവിധാനം ഹെക്ടറിലെ പ്രധാന വിശേഷമാണ്. മൈക്രോസോഫ്റ്റ്, സിസ്‌കോ, അണ്‍ലിമിറ്റ് തുടങ്ങിയ മുന്‍നിര ടെക്നോളജി കമ്പനികളുടെ പിന്തുണ i-SMART സംവിധാനത്തിനുണ്ട്.

ശബ്ദ നിര്‍ദ്ദേശങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധി, ബില്‍ട്ട് ഇന്‍ ആപ്പുകള്‍, വോയിസ് അസിസ്റ്റ്, 10.4 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളും ഹെക്ടറിലെ മറ്റു വിശേഷങ്ങള്‍. തത്സമയ നാവിഗേഷന്‍, റിമോട്ട് ലൊക്കേഷന്‍, എമര്‍ജന്‍സി റെസ്പോണ്‍സ്, ജിയോ ഫെന്‍സിങ് മുതലായ സേവനങ്ങളും കാറില്‍ ലഭ്യമാണ്.

ശ്രേണിയിലെ ഏറ്റവും വലിയ എസ്യുവിയായിരിക്കും വരാന്‍പോകുന്ന എംജി ഹെക്ടര്‍. 4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്. 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ എസ്യുവിയിലുണ്ടെന്നാണ് വിവരം. പെട്രോള്‍ എഞ്ചിന്‍ 140 bhp കരുത്തും 250 Nm torque ഉം കുറിക്കും. 172 bhp കരുത്തും 350 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക.

Top