എംജിയുടെ 6 സീറ്റ് ഹെക്ടര്‍ പ്ലസ് ഉടന്‍ വിപണിയിലേക്ക്

ഹെക്ടര്‍ പ്ലസിനെ ഔദ്യോഗിക വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തി എംജി ഇന്ത്യ. ഉടന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹെക്ടറിന്റെ നിര്‍മാണം ഗുജറാത്തിലെ ഹലോള്‍ ശാലയില്‍ നേരത്തെ ആരംഭിച്ചിരുന്നു. ഹെക്ടര്‍ ഇന്ത്യയില്‍ പുറത്തിറക്കിയതിന്റെ ഒന്നാം വര്‍ഷികം ആഘോഷിക്കുന്ന ജൂലൈയില്‍ തന്നെ ആറു സീറ്റര്‍ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

2019ല്‍ ഇന്ത്യയില്‍ എത്തിയ എംജി മോട്ടോഴ്‌സ്, ഹെക്ടര്‍ എന്ന തങ്ങളുടെ ആദ്യ വാഹനത്തിന്റെ വലുപ്പം കൂടിയ മോഡലായ ഹെക്ടര്‍ പ്ലസ് 2020 ഓട്ടോ എക്‌സ്‌പോ വേദിയിലാണ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. മൂന്നു വരികളിലായി സീറ്റുകള്‍ ഒരുക്കിയിട്ടുള്ള പുതിയ ഹെക്ടര്‍ പ്ലസില്‍ പരമാവധി 6 സീറ്റുകളാണുള്ളത്.
പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള മുന്‍വശത്തെ ഗ്രില്‍, കട്ടി കൂടിയ എല്‍ഇഡി ഡിആര്‍എല്‍ ലാംപുകള്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്‌ലാംപുകള്‍, ഫോഗ് ലാംപ് ക്ലസ്റ്റര്‍ എന്നിവയാണ് രൂപത്തില്‍ ഹെക്ടര്‍ പ്ലസിനെ പഴയ ഹെക്ടറില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പിന്നിലും ചെറിയ ചില മാറ്റങ്ങളുണ്ട്. 6 സീറ്റ് വാഹനത്തിന് നടുവില്‍ 2 ക്യാപ്റ്റന്‍ സീറ്റുകളാണ്.

ഹെക്ടറില്‍ ഉപയോഗിച്ചിരിക്കുന്ന അതേ എന്‍ജിന്‍ തന്നെയാണ് ഹെക്ടര്‍ പ്ലസിലും ഉണ്ടാവുക. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് സിസ്റ്റമുള്ള എന്‍ജിന്‍, 2.0 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ എന്നീ വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. മൂന്ന് എന്‍ജിനുകള്‍ക്കും 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ഉള്ളത്. എന്നാല്‍ പെട്രോള്‍ മോഡലിന് 7സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഓപ്ഷനും ലഭിക്കുന്നു.

Top