എംജിയുടെ മിഡ് സൈഡ് എസ്.യു.വി മോഡലായ ഹെക്ടര്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗരേജസ്) യുടെ മിഡ് സൈഡ് എസ്.യു.വി മോഡലായ ഹെക്ടര്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിക്കും. ജൂണ്‍ പകുതി മുതല്‍ ഹെക്ടര്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തും. ഏകദേശം 15-20 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം. വാഹനത്തിനുള്ള ഔദ്യോഗിക ബുക്കിങ് വൈകാതെ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചില ഡീലര്‍ഷിപ്പുകള്‍ ഹെക്ടറിനുള്ള അനൗദ്യോഗിക പ്രീ ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഗ്ലോസ് റെഡ്, ബര്‍ഗണ്ടി റെഡ്, സ്റ്റാറി ബ്ലാക്ക്, അറോറ സില്‍വര്‍, കാന്‍ഡി വൈറ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക.

നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്‌സ് ഹെക്ടറിലുണ്ടാകും. വലിയ പനോരമിക് സണ്‍റൂഫ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 10.4 ഇഞ്ച് പോര്‍ട്രെയിറ്റ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രോമിയം സ്റ്റഡുകള്‍ നല്‍കിയ ഹണി കോംമ്പ് ഗ്രില്‍, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പ്, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ഹെക്ടറിലുണ്ട്.

4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവും 2750 എംഎം വീല്‍ബേസും 192 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്. 171 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 143 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമായിരിക്കും വാഹനത്തില്‍ നല്‍കുകയെന്നാണ് സൂചനകള്‍. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.

Top