എം.ജി ഹെക്ടറിന്റെ സി.വി.ടി.ഗിയര്‍ബോക്‌സ് മോഡൽ വിപണിയിലെത്തുന്നു

ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എന്നിവയ്ക്ക് പിന്നാലെ എം.ജി ഹെക്ടറിന്റെ സി.വി.ടി.ഗിയര്‍ബോക്‌സ് മോഡൽ അവതരിപ്പിക്കാനൊരുങ്ങി എം.ജി. മോട്ടോഴ്സ്. പുതിയ ട്രാന്‍സ്മിഷനിലെത്തുന്ന വാഹനം ഫെബ്രുവരി 11-ന് അവതരിപ്പിക്കുമെന്നാണ് എം.ജി. മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങൾ നിര്‍മാതാക്കള്‍ പുറത്തിറക്കിയിട്ടുണ്ട്. ഹെക്ടറില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പമാണ് സി.വി.ടി.ഗിയര്‍ബോക്‌സ് നല്‍കുന്നത്. ഹെക്ടറില്‍ നല്‍കുന്ന രണ്ടാമത്തെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണിത്.

1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് എം.ജി. മോട്ടോഴ്‌സില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 141 ബി.എച്ച്.പി.പവറും 250 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. നിലവില്‍ ആറ് സ്പീഡ് മാനുവല്‍, ഡി.സി.ടി ഗിയര്‍ബോക്‌സുകളിലാണ് ഹെക്ടര്‍ എത്തുന്നത്. സി.വി.ടി.ഗിയര്‍ബോക്‌സിലെത്തുന്ന വാഹനങ്ങള്‍ക്ക് ഡി.സി.ടി.പതിപ്പിനെക്കാള്‍ വില കുറയുമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഇക്കാര്യം അവതരണ വേളയില്‍ മാത്രമായിരിക്കും പ്രഖ്യാപിക്കുക.

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ വിത്ത് 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഹെക്ടര്‍ നിരയ്ക്ക് കരുത്തേകുന്നത്. മറ്റ് രണ്ട് എന്‍ജിനുകളെക്കാള്‍ 20 എന്‍.എം.ടോര്‍ക്കും 12 ശതമാനം അധിക ഇന്ധനക്ഷമതയുമാണ് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള ഹെക്ടര്‍ വാഗ്ദാനം ചെയ്യുന്നത്. 170 ബി.എച്ച്.പിയാണ് ഈ എന്‍ജിന്റെ കരുത്ത്. ഡീസല്‍, ഹൈബ്രിഡ് പെട്രോള്‍ മോഡലുകളില്‍ മുമ്പുണ്ടായിരുന്ന ട്രാന്‍സ്മിഷന്‍ തുടരും.

എം.ജി. മോട്ടോഴ്സ് 2019-ലാണ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഹെക്ടര്‍ എന്ന എസ്.യു.വിയായിരുന്നു എം.ജി. ഇന്ത്യക്കായി ഒരുക്കിയ ആദ്യ വാഹനം. ഇതിനുപിന്നാലെ ആദ്യ ഇലക്ട്രിക് ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണവുമായി എം.ജി. eZS അവതരിപ്പിക്കുകയായിരുന്നു. പ്രീമിയം എസ്.യു.വി.ശ്രേണിയില്‍ ഗ്ലോസ്റ്റര്‍, കൂടുതല്‍ സീറ്റിങ്ങ് ഓപ്ഷനുമായി ഹെക്ടര്‍ പ്ലസ് എന്നീ വാഹനങ്ങളുമാണ് ഇപ്പോള്‍ എം.ജി. നിരയിലുള്ളത്.

Top