എംജിയുടെ ആസ്റ്റർ ബ്ലാക്ക്‌സ്റ്റോം ഇന്ത്യയിലെത്തി; വില പുറത്ത്

ചൈനീസ് ജനപ്രിയ വാഹന ബ്രാഡായ എം‌ജി മോട്ടോർ ഇന്ത്യ ആസ്റ്റർ ബ്ലാക്ക്‌സ്റ്റോം എഡിഷനെ അവതരിപ്പിച്ചു. 14. 48 ലക്ഷം രൂപ മുതല്‍ 15. 77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ഈ സ്പെഷ്യൽ എഡിഷൻ എസ്‌യുവി, എം‌ജി ഗ്ലോസ്റ്റർ ബ്ലാക്ക്‌സ്റ്റോം പതിപ്പിന് സമാനമായി കാബിനിനകത്തും പുറത്തും ഒരു കറുത്ത തീമിലാണ് വരുന്നത്. എങ്കിലും, എം‌ജി ആസ്റ്ററിന്റെ സ്റ്റാൻഡേർഡ് പതിപ്പും ഈ സ്പെഷ്യൽ എഡിഷൻ മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ കോസ്മെറ്റിക് ഫ്രണ്ടിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. മെക്കാനിക്കലായി, സ്പെഷ്യൽ എഡിഷൻ എസ്‌യുവി അതിന്റെ നിലവിലെ മോഡലിന് സമാനമായി തുടരുന്നു.

ആസ്റ്റർ ബ്ലാക്ക്‌സ്റ്റോം പതിപ്പ് ഒരു കറുത്ത തീം അവതരിപ്പിക്കുന്നു. പ്രീമിയം ലുക്ക് വർദ്ധിപ്പിച്ചുകൊണ്ട് വിവിധ സ്ഥലങ്ങളിൽ ക്രോം ഗാർണിഷിംഗ് കൊണ്ട് സമ്പന്നമായ സ്റ്റാറി ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഇതിന് ലഭിക്കുന്നു. ഇരുവശത്തും ഫ്രണ്ട് ഫെൻഡറുകൾ പോലെയുള്ള ബ്ലാക്ക് എഡിഷൻ ബാഡ്ജുകൾ ഈ മോഡലിനെ ആസ്റ്ററിന്റെ സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ലിമിറ്റഡ് എഡിഷൻ ആസ്റ്റർ ബ്ലാക്ക്‌സ്റ്റോമിന് പനോരമിക് സൺറൂഫ്, ഓൾ-ബ്ലാക്ക് ഹണികോംബ് പാറ്റേൺ ഗ്രിൽ, റെഡ് ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകളുള്ള ബ്ലാക്ക് അലോയ് വീലുകൾ, ബ്ലാക്ക് ഫിനിഷ് ഹെഡ്‌ലാമ്പുകൾ, ഗ്ലോസി ബ്ലാക്ക് ഡോർ ഗാർണിഷ്, ബ്ലാക്ക് ഫിനിഷ് റൂഫ് റെയിലുകൾ എന്നിവ ലഭിക്കുന്നു.

ക്യാബിനിനുള്ളിൽ കാറിന് സ്പോർട്ടി ബ്ലാക്ക് തീം ലഭിക്കുന്നു. വ്യത്യസ്‌തമായ ചുവന്ന ഡിസൈനുകൾ, സംഗ്രിയ റെഡ്-തീം എസി വെന്റുകൾ, ഓൾ-ബ്ലാക്ക് ഫ്ലോർ കൺസോൾ, സ്റ്റിയറിംഗ് വീലിലും ഡോർ ട്രിമ്മുകളിലും ചുവന്ന സ്റ്റിച്ചുകൾ എന്നിവയുള്ള ടക്‌സീഡോ ബ്ലാക്ക് അപ്‌ഹോൾസ്റ്ററിയും ഇതിന് ലഭിക്കുന്നു. എസ്‌യുവിയിൽ ജെബിഎൽ സ്പീക്കറുകളുമുണ്ട്. ഈ സൗന്ദര്യവർദ്ധക മാറ്റങ്ങൾ കാറിന്റെ ദൃശ്യ ആകർഷണം വർദ്ധിപ്പിക്കുമ്പോൾ, മെക്കാനിക്കല്‍ കാര്യത്തില്‍ എസ്‌യുവി അതേപടി തുടരുന്നു. ആറ് സ്പീഡ് മാനുവൽ, സിവിടി ഓപ്ഷനുകളിൽ ലഭ്യമാണ്, കാറിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് സമാനമായ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. മാത്രമല്ല എസ്‌യുവിയുടെ സ്റ്റാൻഡേർഡ് പതിപ്പ് പോലെ ബ്ലാക്ക്‌സ്റ്റോം എഡിഷനും ഒരു വ്യക്തിഗത എഐ അസിസ്റ്റന്റ്, ലെവൽ 2 സെല്‍ഫ് മോഡ്, എഡിഎഎസ് തുടങ്ങിയ വിപുലമായ സുരക്ഷാ ഫീച്ചറുകള്‍ സഹിതമാണ് വരുന്നത്.

ഉത്സവ സീസണിന് തൊട്ടുമുമ്പ് ഈ സ്‌പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കുന്നതോടെ വിൽപ്പനയിൽ ഉയർച്ചയാണ് എംജി പ്രതീക്ഷിക്കുന്നത്. ആസ്റ്ററിന്റെ ബ്ലാക്ക്‌സ്റ്റോം എഡിഷൻ പ്രീമിയം ഫിനിഷോടുകൂടിയ ധീരവും വ്യതിരിക്തവുമായ രൂപകൽപ്പനയോടെയാണ് വരുന്നതെന്ന് എം‌ജി മോട്ടോർ ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗൗരവ് ഗുപ്ത എം‌ജി ആസ്റ്റർ ലോഞ്ച് ചെയ്തുകൊണ്ട് പറഞ്ഞു.

Top