അതിശക്തമായ മഴ തുടരുന്നു; നാളത്തെ വിവിധ പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കാലടി സംസ്‌കൃത സർവകലാശാലയിലെ നാളത്തെ പരീക്ഷകൾ ഈ മാസം 4ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു. അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി. ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത് നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകും. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Top