ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി മെക്‌സിക്കോ; കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കും

മെക്‌സിക്കോ സിറ്റി:അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണിക്ക് വഴങ്ങി മെക്‌സിക്കോയിലെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി മെക്‌സിക്കന്‍ പ്രസിഡന്റ് ലോപെസ് ഒബ്രഡോര്‍. മെക്‌സിക്കോ വഴി യു.എസിലേക്കുള്ള അനധികൃത കുടിയേറ്റങ്ങള്‍ തടഞ്ഞില്ലെങ്കില്‍ മെക്‌സിക്കോക്കെതിരെ നികുതിഭാരമടക്കം കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

അമേരിക്കയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ തയാറാണെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് അറിയിച്ചു. അടുത്ത ആഴ്ച്ച വാഷിങ്ങ്ടണില്‍ യു.എസുമായി നടക്കുന്ന ചര്‍ച്ചയില്‍ നല്ല ഫലം പ്രതീക്ഷിക്കുന്നതായും ഒബ്രഡോര്‍ പറഞ്ഞു.

യു.എസിന്റെ കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കുടിയേറ്റ നടപടികളികളില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ മെക്‌സിക്കോ തയാറായത്. അമേരിക്കയുമായി ശക്തമായ വ്യാപര ബന്ധമുള്ള തെക്കേ അമേരിക്കന്‍ രാജ്യമാണ് മെക്‌സിക്കോ. അനധികൃത കുടിയേറ്റങ്ങള്‍ തടയാന്‍ യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്. അതിനു വേണ്ടിയുള്ള നിയമം പാസ്സാക്കാനായി ഏറെക്കാലമായി കടുത്ത പരിശ്രമത്തിലാണ് ട്രംപ്.

Top