മെക്സിക്കോ മെട്രോ ട്രെയിന്‍ അപകടം ; മരണം 26 ആയി

മെക്സിക്കോ സിറ്റി: മെക്‌സിക്കൻ തലസ്ഥാന നഗരിയിലുണ്ടായ മെട്രോ മേല്‍പ്പാലം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. 33 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. 80 ഓളം പേരാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രിയിലാണ് ദാരുണ അപകടം നടന്നത്. ഒലിവോസ് മെട്രോ സ്റ്റേഷന്‍റെ മേൽപാലമാണ് തകർന്നുവീണത്. ട്രെയിൻ പോകുമ്പോഴായിരുന്നു അപകടം. മേൽപാലത്തിന്‍റെ ഭാഗങ്ങളും മെട്രോ ട്രെയിൻ കംമ്പാർട്ടുമെന്‍റുകളും നിലം പതിക്കുകയായിരുന്നു.

പാലം നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പാലം ഉദ്‌ഘാടനം ചെയ്ത 2012 മുതല്‍ നിര്‍മാണ കമ്പനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സംഭവത്തിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് ലോപസ് ഓബ്രഡോർ പറഞ്ഞിരുന്നു. ഊഹാപോഹങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും. അതിന്‍റെ അടിസ്ഥാനത്തില്‍ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്നും പറഞ്ഞ പ്രസിഡന്‍റ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Top