മെക്‌സിക്കോയില്‍ അനധികൃത ഇന്ധനക്കുഴല്‍ പൊട്ടിത്തെറിച്ച് 66 മരണം

മെക്‌സിക്കോ സിറ്റി: അനധികൃത ഇന്ധനക്കുഴല്‍ പൊട്ടിത്തെറിച്ച് മെക്‌സിക്കോയില്‍ 66പേര്‍ മരിച്ചു. 78 പേര്‍ക്ക് പൊള്ളലേറ്റു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഒരുകുട്ടിയുമുണ്ട്. വെള്ളിയാഴ്ച കുഴലില്‍നിന്ന് ഗാസൊലീന്‍ ശേഖരിക്കാന്‍ ബക്കറ്റും കാനുമായി എത്തിയവരാണ് ദുരന്തത്തിനിരയായത്. അഗ്നിശമനസേനയുടെ നിരവധി ഫയര്‍ ടാങ്കുകളെത്തിയാണ് തീയണച്ചത്.

നിരവധിപേര്‍ അപകട സമയം പ്രദേശത്തുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മെക്‌സിക്കോ സിറ്റിയില്‍നിന്ന് 105 കിലോമീറ്റര്‍ അകലെ ഹിഡാല്‍ഗോയിലാണ് ദുരന്തം. പ്രസിഡന്റ് ആന്ദ്രെ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ സ്ഥലം സന്ദര്‍ശിച്ചു. ദുരന്തത്തിനിരയായവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എല്ലാ സഹായങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. മെക്‌സിക്കന്‍ സമയം വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തീ നിയന്ത്രണ വിധേയമായതായി സുരക്ഷാ മന്ത്രി അല്‍ഫോണ്‍സോ അറിയിച്ചു.

ക്വറട്ടറോയില്‍ മറ്റൊരു പൈപ്ലൈന്‍കൂടി പൊട്ടിത്തെറിച്ചതായും ആളപായം ഇല്ലെന്നും പൊതുമേഖലാ എണ്ണക്കമ്പനിയായ പെമെക്‌സ് അറിയിച്ചു. ശക്തരായ മയക്കുമരുന്നു സംഘങ്ങളും അഴിമതിക്കാരും നേതൃത്വം നല്‍കുന്ന ഇന്ധനക്കൊള്ള രാജ്യത്ത് പൈപ്ലൈന്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാക്കിയിരിക്കുകയാണ്. അഴിമതിക്കും കൊള്ളയ്ക്കുമെതിരെ ഇടതുപക്ഷക്കാരനായ ഒബ്രഡോര്‍ നയിക്കുന്ന മെക്‌സിക്കന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാരംഭിച്ച ഘട്ടത്തിലാണ് ദുരന്തം.

Top