മെക്‌സിക്കോയിൽ രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷൻ വൈകും

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന് കാലതാമസം നേരിടുമെന്ന് അധികൃതർ അറിയിച്ചു. ചൈനയുടെ സിനോവാക് വാക്‌സിൻ വിതരണത്തിൽ കാലതാമസം ഉണ്ടാകുമെന്നതിനാൽ 1.3 ദശലക്ഷം ജനങ്ങൾക്ക് കൃത്യസമയത്ത് രണ്ടാം ഘട്ട കൊവിഡ് വാക്‌സിൻ ലഭിക്കുകയില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഒന്നാം ഘട്ട വാക്‌സിനേഷന് ശേഷമുള്ള 35 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം രണ്ടാമത്തെ ഷോട്ട് വൈകുന്നത് വാക്‌സിന്‍റെ ഫലത്തെ ബാധിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മെയ് ആദ്യ വാരത്തോടെ ഏകദേശം ഒരു ദശലക്ഷം പേർക്കും അത് കഴിഞ്ഞുള്ള ആഴ്‌ചയിൽ ഏകദേശം 300,000 പേർക്കും കൊവിഡ് വാക്‌സിൻ ആവശ്യമായി വരുന്നു എന്നാണ് കണക്കുകൾ. എന്നാൽ കൊവിഡ് വാക്‌സിൻ എപ്പോൾ എത്തുമെന്നോ കാലതാമസം ഉണ്ടാകാനുള്ള കാരണം എന്താണെന്നോ അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇതുവരെ മെക്‌സിക്കോയിൽ വിവിധ കൊവിഡ് വാക്‌സിനുകളുടെ 17.3 ദശലക്ഷം ഡോസുകൾ നൽകിയിട്ടുണ്ട്. അതേ സമയം 346,500 പേർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് പ്രാഥമിക കണക്കുകൾ.

Top