ലോകത്തെ ഏറ്റവും ഭാരം കൂടിയ വ്യക്തി ഭാരം കുറച്ച് നടക്കാന്‍ തുടങ്ങിയിരിക്കുന്നു

franko

മെക്‌സികോ: ലോകത്തെ ഏറ്റവും ഭാരം കൂടിയ വ്യക്തി മെക്‌സിക്കന്‍ സ്വദേശി ജ്വാന്‍ പെഡ്രൊ ഫ്രാങ്കോ അദ്ദേഹത്തിന്റെ ഭാരം കുറച്ച് നടക്കാന്‍ തുടങ്ങിയിരിക്കുന്നു. വാക്കര്‍ ഉപയോഗിച്ചാണ് നടക്കാന്‍ ശ്രമിക്കുന്നത്. കൂടാതെ പ്രത്യേകമായി തയാറാക്കിയ സൈക്കിള്‍ കൈകൊണ്ട് ഉപയോഗിച്ച് വ്യായാമവും അദ്ദേഹം നടത്തുന്നുണ്ട്. നടക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഫ്രാങ്കോ പറഞ്ഞു.

595 കിലോ ആയിരുന്നു ഫ്രാങ്കോയുടെ തൂക്കം. എന്നാല്‍ 250 കിലോ കുറച്ചതിനു ശേഷമാണ് അദ്ദേഹം നടക്കാന്‍ തുടങ്ങിയിരിക്കുന്നത്. പ്രമേഹം, രക്ത സമ്മര്‍ദം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഗുരുതരമായതിനാല്‍ ഫ്രാങ്കോയുടെ ജീവന്‍ അപകടത്തിലാണെന്നും അടിയന്തിരമായി ഭാരം കുറക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഫ്രാങ്കോ. ആമാശയത്തിന്റെ വ്യാപ്തി 80 ശതമാനത്തോളം കുറക്കുന്നതിനായി 2017 മെയില്‍ ആദ്യ ഗ്യാസ്ട്രിക് സ്‌ലീവ് സര്‍ജറി നടത്തിയിരുന്നു. കുടലിന്റെ അവസാന ഭാഗത്തേക്ക് ആമാശയത്തെ നേരിട്ട് ബന്ധിപ്പിക്കുന്നതിന് ആറുമാസത്തിന് ശേഷം ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയയും പൂര്‍ത്തിയാക്കി.

പിന്നീട് നടത്തിയ ചികിത്സയ്ക്ക് ശേഷം ഫ്രാങ്കോയുടെ ഭാരം 345 ആയി കുറഞ്ഞു. ഇപ്പോഴും 24 മണിക്കൂറും ഫ്രാങ്കോ ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിക്കുന്നുണ്ട്. അടുത്ത ഒന്നര വര്‍ഷത്തിനിടെ 100 കിലോഗ്രാം കുറക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. 2016 ഒക്‌ടോബറില്‍ ലോകത്തെ ഏറ്റവും ഭാരം കൂടിയ വ്യക്തിയെന്ന നിലയില്‍ ഫ്രാങ്കോ ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു.

Top