മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍; പണം വേണ്ട, നടപടിയില്‍ നിന്ന് പിന്മാറുന്നുവെന്നും ട്രംപ്

വാഷിങ്ടണ്‍ ഡിസി;മെക്‌സിക്കന്‍ അതിര്‍ത്തി മതിലിന് പണം വേണമെന്നില്ലെന്ന് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തി മതിലിന് യുഎസ് കോണ്‍ഗ്രസ് പണം അനുവദിക്കുക എന്ന ഉപാധി ഒഴിവാക്കി ഗവണ്‍മെന്റ് ഷട്ട് ഡൗണില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്നാണ് യുഎസ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. 35 ദിവസമായി തുടരുന്ന ഷട്ട് ഡൗണ്‍ യുഎസിന്റെ വിവിധ മേഖലകളെ പ്രതിസന്ധിയിലാക്കിയിരുന്നു. 5.7 ബില്യണ്‍ ഡോളറാണ് ട്രംപ് അതിര്‍ത്തിമതില്‍ നിര്‍മ്മിക്കാനായി ആവശ്യപ്പെട്ടത്.

എന്നാല്‍ ഇത് അംഗീകരിക്കാതെ തന്നെ ട്രംപ് ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാന്‍ തയ്യാറായത് ഡെമോക്രാറ്റുകളെ സംബന്ധിച്ച് രാഷ്ട്രീയവിജയമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റും ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള യുഎസ് കോണ്‍ഗ്രസും എതിര്‍പ്പുകളില്ലാതെ മൂന്നാഴ്ചത്തേയ്ക്കുള്ള ചിലവ് ബില്‍ പാസാക്കി.

ഗവണ്‍മെന്റ് ഷട്ട് ഡൗണിനെ തുടര്‍ന്ന് വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയായിരുന്നു. എട്ട് ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞുവയ്ക്കപ്പെട്ടത്. അതേസമയം കാര്യങ്ങളില്‍ തൃപ്തിയില്ലെങ്കില്‍ ഫെബ്രുവരി 15ന് ഷട്ട് ഡൗണ്‍ പുനസ്ഥാപിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷട്ട് ഡൗണിനെ തുടര്‍ന്ന് ട്രംപിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതിനായി മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കും എന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

Top