mexican aparatha

കാമ്പസ് രാഷ്ട്രീയത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന സിനിമകൾക്ക് എന്നും മികച്ച വിജയം നൽകിയ ചരിത്രമാണ് കേരളത്തിനുള്ളത്.

ഗാഢമായ പ്രണയവും രാഷ്ട്രീയവും പറഞ്ഞ ലാൽ ജോസിന്റെ ക്ലാസ് മേറ്റ്‌സ് തന്നെ അതിന് മികച്ച ഉദാഹരണമാണ്.മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച് വൻ വിജയമാണ് സോഷ്യൽ മീഡിയ സജീവമല്ലാത്ത 2006-ൽ ഈ സിനിമക്ക് നേടാൻ കഴിഞ്ഞത്.

പ്രിഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യാ മാധവൻ തുടങ്ങിയ വലിയ താര നിരയും ലാൽ ജോസിനെ പോലെ പ്രഗൽഭനായ സംവിധായകന്റെ നേതൃത്വവും കേരളത്തിലെ കാമ്പസുകളെ തിയ്യേറ്ററുകളിലേക്ക് ഒഴുക്കാൻ കാരണമായിരുന്നു.

വിദ്യാർത്ഥികൾ തുടക്കമിട്ട ആ പ്രയാണത്തിൽ രക്ഷിതാക്കളും സാധാരണക്കാരായ ജനങ്ങളുമെല്ലാം കൊടിയുടെ നിറം നോക്കാതെ അണിനിരന്നതോടെ സിനിമ വമ്പൻ ഹിറ്റായി.

കേരളത്തിലെ പ്രമുഖ വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയോടും കെ എസ് യുവിനോട്ടം സാദൃശ്യം തോന്നുന്ന പേരും മുദ്രാവാക്യങ്ങളും കൊടികളുമെല്ലാമാണ് ക്ലാസ് മേറ്റ്സിൽ ഉപയോഗിച്ചിരുന്നത്.

പ്രിഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരായും ജയസൂര്യയെയും കാവ്യാ മാധവനെയും വലതുപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരായുമാണ് സിനിമയിൽ ചിത്രീകരിച്ചിരുന്നത്.ഈ സിനിമയുടെ ക്ലൈമാക്സും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നതാണ്.

ക്ലാസ് മേറ്റ്‌സിനു ശേഷം അത്തരത്തിൽ ഒരു കാമ്പസ് ചിത്രം വർഷങ്ങൾക്ക് ശേഷമാണ് പുറത്തിറങ്ങിയത്.

IMG-20170303-WA0004
ലാൽ ജോസിനെ പോലെ സൂപ്പർ സംവിധായക പരിവേഷമുള്ള സംവിധായകനോ ക്ലാസ് മേറ്റ്‌സിനെ പോലെ വലിയ താരപടയോ ഒന്നും ഒരു മെക്സിക്കൻ അപാരതക്കില്ല. യുവ നടൻ മാരിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന ടോവിനോ തോമസ്, രൂപേഷ് പീതാംബരൻ ,നീരജ് മാധവ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ .ടോം ഇമ്മട്ടിയാണ് സംവിധായകൻ.

ഇതിനകം തന്നെ യൂടൂബിൽ മെക്സിക്കൻ അപാരതയിലെ ഗാനങ്ങളും ടീസറും സൂപ്പർഹിറ്റുകളായതാണ് ഈ സിനിമയിൽ പ്രതീക്ഷ നൽകിയിരുന്നത്.

സിനിമ ഇറങ്ങും മുൻപ് തന്നെ പൈങ്കിളി സിനിമയായിരിക്കുമെന്ന അഭിപ്രായപ്രകടനം നടത്തി മുൻ കെ എസ് യു സംസ്ഥാന പ്രസിഡന്റും മുൻ എം എൽ എയുമായ പി.സി വിഷ്ണുനാഥ് വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു.

നായകൻ പ്രതിനിധീകരിക്കുന്ന സംഘടനയെ എസ് എഫ് വൈയായാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിലും അത് എസ്എഫ്ഐയെ ആണ് ഉദ്ദേശിച്ചതെന്ന് കരുതിയും താൻ മുൻപ് പിടിച്ച നീല കൊടിയേന്തിയ സംഘടനാ പ്രവർത്തകരെ സ്റ്റേജിന് പിന്നിലേക്ക് തല്ലാൻ വിളിക്കുന്ന ടീസറിലെ രംഗങ്ങളുമാണ് വിഷ്ണുനാഥിനെ ചൊടിപ്പിച്ചതത്രെ.(സിനിമയില്‍ പക്ഷെ രംഗങ്ങള്‍ നേരേ തിരിച്ചാണ്)

ക്ലാസ് മേറ്റ്സിൽ എസ്എഫ്ഐയെ എസ് എഫ് കെയായാണ് ചിത്രീകരിച്ചിരുന്നതെങ്കിൽ ഒരു മെക്സിക്കൻ അപാരതയിൽ എസ് എഫ് വൈയായാണ് ചിത്രീകരിച്ചിരിക്കുന്നത്. മുദ്രാവാക്യം വിളിയിലും മറ്റും എസ്എഫ്ഐ എന്ന് വിളിക്കുന്നത് പോലെയാണ് തോന്നുക. കെ എസ് യുമായുള്ള സാദൃശ്യവും ഇതുപോലെ തന്നെയാണ്.കെ എസ് യുവിന് പകരം കെ എസ് ക്യു ആണ് സിനിമയില്‍.

കാമ്പസ് രാഷ്ട്രീയം തിളച്ചുമറിഞ്ഞ കാലഘട്ടത്തിലൂടെയാണ് സിനിമ കടന്ന് പോകുന്നത്.

ടീസറുകളിലും ഗാനങ്ങളിലും എസ്എഫ്ഐക്കാർ സാധാരണ കാമ്പസുകളിൽ മുഴക്കുന്ന മുദ്രാവാക്യം അപ്പടി പകർത്തി വച്ചതിനാൽ സോഷ്യൽ മീഡിയകളിൽ സ്വന്തം സിനിമയായാണ് ഈ ചിത്രത്തെ ഒരു വിഭാഗം എസ് എഫ് ഐ അനുഭാവികൾ വിശേഷിപ്പിച്ചിരുന്നത്.

എസ് എഫ് ഐയുടെ കൊടിയുടെ നിറം വെള്ളയാണെങ്കിൽ സിനിമയിൽ അതിന് അവരുടെ പ്രത്യേയശാസ്ത്രത്തിന്റെ അടയാളമായ ചുവപ്പ് നിറമാണ് നൽകിയിരിക്കുന്നത്. നായകൻ പ്രധാന സീനുകളിൽ പ്രത്യക്ഷപ്പെടുമ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രവും ചുവപ്പ് തന്നെ.

കെ എസ് യുവിന്റെ പേരിലും ചെറിയ തിരുത്തൽ വരുത്തിയെങ്കിലും കൊടിയുടെ നിറം നീല തന്നെയാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ഖദർ വേഷത്തിനും ഇവിടെ മാറ്റമില്ല.

IMG-20170303-WA0006

വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച എറണാകുളം മഹാരാജാസ് കോളേജിലാണ് കഥ നടക്കുന്നത്. പ്രണയവും രാഷ്ട്രീയവുമാണ് സിനിമയിലെ ഇതിവൃത്തമെന്ന് പുകമറ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇത് രണ്ടും ശരിക്കും പ്രതിബാധിക്കാന്‍ ഒരു മെക്‌സിക്കന്‍ അപാരതക്ക് കഴിഞ്ഞിട്ടില്ല.

കാമ്പസ് രാഷ്ട്രീയമെന്നു പറഞ്ഞാല്‍ അടിപിടിയാണെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. പുതിയ കാലത്ത് അടിക്ക് തിരിച്ചടി പലിശയടക്കം കൊടുത്ത് പരിചയമുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടന സിനിമയുടെ ആദ്യാവസാനം വരെ അടി വാങ്ങുന്ന കാഴ്ചയാണ് ചിത്രത്തിലുള്ളത്.

കോളേജ് ഭരണം പിടിക്കാന്‍ രക്തസാക്ഷിയെ വേണമെന്ന് പാര്‍ട്ടി ലോക്കല്‍ നേതാവ് പറയുന്നത് സിനിമ കാണാന്‍ ആവേശപൂര്‍വ്വമെത്തിയ ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.

മിക്ക കാമ്പസുകളിലും ‘അടി’ ഏറ്റുവാങ്ങുന്ന ഖദര്‍ധാരികള്‍ മെക്‌സിക്കന്‍ അപാരതയില്‍ വീരശൂരപരാക്രമികളാണ്.

ഇടത് പക്ഷ രാഷ്ട്രീയം പ്രതിബാധിക്കുന്ന സിനിമയാണെന്നാണ് പുറത്തുവന്ന പ്രചരണമെങ്കിലും അത് കേവലം ചുവപ്പ് കൊടിയില്‍ മാത്രം ഒതുങ്ങി. പ്രണയമാവട്ടെ അവരുടെ പ്രൊപ്പോസലിലും അവസാനിച്ചു. ആകെ മൊത്തത്തില്‍ ആവേശത്തോടുകൂടി സിനിമക്ക് കയറുന്നവര്‍ നനഞ്ഞ പടക്കമായ് തിരിച്ചിറങ്ങുന്ന കാഴ്ചയാണ് തീയറ്ററുകളില്‍ കാണുന്നത്.

Top