മഹാത്മാ ഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തി ഡാനിഷ് പ്രധാനമന്ത്രി, ത്രിദിന സന്ദര്‍ശനം ആരംഭിച്ചു

ന്യൂഡല്‍ഹി: ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണ്‍ ശനിയാഴ്ച രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയതാണ് മെറ്റ് ഫ്രെഡറിക്സണ്‍.

രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രെഡറിക്സനെ സ്വീകരിച്ചു. ഫ്രെഡറിക്സണ്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിക്കുകയും പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവരോടും സംവദിക്കും.

കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡ് -19 നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ രാഷ്ട്രനേതാവായതിനാല്‍ മെറ്റ് ഫ്രെഡറിക്സന്റെ സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചു. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ ഈ വര്‍ഷം ആദ്യം ഡെന്‍മാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു.

ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മില്‍ ശക്തമായ വ്യാപാര – നിക്ഷേപ ബന്ധമുണ്ട്. ഇന്ത്യയില്‍ 200 ലധികം ഡാനിഷ് കമ്പനികളും ഡെന്‍മാര്‍ക്കില്‍ 60 ഇന്ത്യന്‍ കമ്പനികളുമുണ്ട്. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം, സാങ്കേതികവിദ്യകള്‍, ജല -മാലിന്യ സംസ്‌കരണം, കൃഷി, മൃഗസംരക്ഷണം, ഡിജിറ്റൈസേഷന്‍, സ്മാര്‍ട്ട് സിറ്റി, ഷിപ്പിംഗ്, തുടങ്ങിയ മേഖലകളില്‍ ശക്തമായ സഹകരണം നിലനില്‍ക്കുന്നുമുണ്ട്.

Top