കുരുക്കാന്‍ വരുന്നവരെ ‘കുരുക്കാനും’ പദ്ധതി തയ്യാര്‍, രണ്ടും കല്‍പ്പിച്ച് പിണറായി

ത്തവണ കേരളം ബി.ജെ.പി ഭരിക്കുമെന്നാണ് മെട്രോമാന്‍ ശ്രീധരന്‍ പറയുന്നത്. കെ. സുരേന്ദ്രനും വി മുരളീധരനും കാണുന്ന സ്വപ്നവും അതു തന്നെയാണ്. ബി.ജെ.പി അണികള്‍ പോലും തമാശയായി ഈ പ്രതികരണത്തെ വീക്ഷിക്കുമ്പോഴും സംഘപരിവാര്‍ അതിന്റെ സകല അജണ്ടയും പുറത്തെടുക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും തലപ്പൊക്കി തുടങ്ങിയിരിക്കുന്നത് സംശയത്തോട് കൂടി മാത്രമേ വീക്ഷിക്കാന്‍ കഴിയുകയൊള്ളൂ. കിഫ്ബിക്കെതിരായ അന്വേഷണവും ചോദ്യം ചെയ്യലുമായി കളത്തിലിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് സര്‍ക്കാറിനെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തും ഈത്തപ്പഴക്കടത്തും ആവിയായി മാറിയ സാഹചര്യത്തിലാണ് പുതിയ ആയുധങ്ങളുമായി കേന്ദ്ര ഏജന്‍സികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കസ്റ്റംസിന്റെ ഇപ്പോഴത്തെ നീക്കവും ഇതിന്റെ ഭാഗമായാണെന്നാണ് സി.പി.എം ആരോപിക്കുന്നത്.

സ്വപ്ന എന്ന കുറ്റവാളിയെ കൊണ്ടു നല്‍കിച്ച മൊഴി അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് നീങ്ങുന്നതെന്നാണ് സി.പി.എം തുറന്നടിക്കുന്നത്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മുന്നു മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന സത്യാവാങ് മൂലമാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമായാണ് സംസ്ഥാന സര്‍ക്കാറും ഈ കേന്ദ്ര ഇടപെടലിനെ നോക്കി കാണുന്നത്. അതു കൊണ്ടു തന്നെ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുവാന്‍ തന്നെയാണ് തീരുമാനം. കസ്റ്റംസും എന്‍ഫോഴ്സ്മെന്റും നിലമറന്നു കളിച്ചാല്‍, കളി പഠിപ്പിക്കുവാന്‍ തന്നെയാണ് പിണറായി സര്‍ക്കാറിന്റെ തീരുമാനം. ഇക്കാര്യത്തില്‍ സി.പി.എമ്മും കടുത്ത നിലപാടു തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. കിഫ്ബി മസാലബോണ്ടു വഴി പണം സമാഹരിച്ചത് ചട്ടം ലംഘിച്ചാണെന്ന് വിമര്‍ശിച്ച കേന്ദ്രമന്ത്രി വി മുരളീധരനെതിരെയും രൂക്ഷമായാണ് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചിരിക്കുന്നത്.

കിഫ്ബിയെ തകര്‍ത്ത് കേരളത്തിലെ വികസനം സ്തംഭിപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി ലഭിക്കുമെന്നും അക്കാര്യത്തില്‍ മുരളീധരന് യാതൊരു സംശയവും വേണ്ടെന്നുമാണ് തോമസ് ഐസക് വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം മാത്രമല്ല സി.പി.എം നിലപാടു കൂടിയാണ് തോമസ് ഐസക്ക് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്.ഇതിന്റെ തുടര്‍ച്ച തന്നെയാണ് കേന്ദ്ര ഏജന്‍സിയെ പൂട്ടാനുള്ള ഇപ്പോഴത്തെ നീക്കങ്ങളും. എന്‍ഫോഴ്സ്മെന്റ് ഉദ്യാഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും ഡല്‍ഹിക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തിയ കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ എന്‍ഫോഴ്സ്മെന്റ് ഉദ്യാഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കേസെടുക്കാനാണ് പിണറായി സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ധനവകുപ്പ് നല്‍കിയ നിര്‍ദേശം മുഖ്യമന്ത്രിയുടെ പരിഗണനയിലാണുള്ളത്.

എത് നിമിഷവും ഇക്കാര്യത്തില്‍ തീരുമാനം വരാനാണ് സാധ്യത. അതോടെ ഉന്നത എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ജാമ്യം കിട്ടാത്ത വകുപ്പ് പ്രകാരമാണ് പ്രതികളാകുക. കേന്ദ്ര ഉദ്യാഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും ജയിലിലടക്കാനും സംസ്ഥാന പൊലീസിനു കഴിയുകയും ചെയ്യും. നിരപരാധിത്യം കോടതിയില്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലങ്കില്‍ ജാമ്യം പോലും പെട്ടന്ന് കിട്ടിയെന്നും വരികയില്ല. വല്ലാത്ത ഒരു പ്രതിസന്ധിയാണ് കേന്ദ്ര ഏജന്‍സിക്കു മുന്നില്‍ ഇപ്പോഴുള്ളത്.

അതേസമയം എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ വനിതാ ഉദ്യോഗസ്ഥയുടെ പരാതി കിഫ്ബി സിഇഒ ചീഫ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്. കേസെടുക്കുന്നതിനു മുഖ്യമന്ത്രി സമ്മതം നല്‍കിയാല്‍ കേന്ദ്ര ഏജന്‍സിയും സംസ്ഥാന സേനയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് വിഷയം വഴിമാറുക. ദേശീയ തലത്തിലും ഈ വിഷയം കത്തിപ്പടരും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ എത്തിയ സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് രാജ്യത്ത് വന്‍ വിവാദമുണ്ടാക്കിയ സംഭവമാണ്.

അന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ നേരിട്ട് കുത്തിയിരുപ്പ് സമരം നടത്തുകയുമുണ്ടായി. ഒടുവില്‍ വിഷയത്തില്‍ സുപ്രീം കോടതിക്കു തന്നെ ഇടപെടേണ്ടിയും വന്നിരുന്നു. ഇത്തരമൊരു സാഹചര്യം കേരളത്തിലും വന്നാല്‍ അത് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യുക ഇടതുപക്ഷത്തിനു തന്നെയാണ്. യു.ഡി.എഫിന്റെ ന്യൂനപക്ഷ വോട്ട് ബാങ്കിലും അത്തരമൊരു നീക്കം വിള്ളല്‍ വീഴ്ത്തും.

അതേസമയം സി.പി.എം – ബി.ജെ.പി ഏറ്റുമുട്ടലെന്ന പ്രതീതി ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അങ്ങനെ ഒരു മത്സരം ഉണ്ടായില്ലങ്കില്‍ വന്‍ തിരിച്ചടി ഉണ്ടാകുമെന്നതാണ് ബി.ജെ.പി ദേശീയ നേതൃത്വവും വിലയിരുത്തുന്നത്. വോട്ടെടുപ്പിന് കഷ്ടിച്ച് ഒരു മാസം മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പിലെ സജീവ ചര്‍ച്ചാവിഷയം കൂടിയായി ഈ ഏറ്റുമുട്ടല്‍ മാറുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ധനവകുപ്പില്‍ നിന്നും കിഫ്ബിയില്‍ ഡപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന അഡിഷനല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യലിനിടെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

മസാല ബോണ്ടിറക്കുന്നതിനു മുന്‍പ് ഫണ്ട് മാനേജ്‌മെന്റ് സംബന്ധിച്ചുള്ള പരിശീലനത്തിനായി ലണ്ടനില്‍ പോയ സംഘത്തില്‍ ഈ ഉദ്യാഗസ്ഥയുമുണ്ടായിരുന്നു. കേന്ദ്ര ഏജന്‍സിയുടെ നീക്കത്തിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു മുഖ്യമന്ത്രി ഇന്നലെ നല്‍കിയ പരാതിയില്‍ ഈ ഉദ്യാഗസ്ഥയെ ചോദ്യം ചെയ്ത കാര്യവും പരാമര്‍ശിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിനു ഹാജരായ ശേഷം വനിതാ ഉദ്യോഗസ്ഥ കിഫ്ബിക്കു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരാതി എഴുതി വാങ്ങി ക്രിമിനല്‍ കേസ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

കേന്ദ്രവുമായി തുറന്ന ഏറ്റുമുട്ടലിലേക്കു സര്‍ക്കാര്‍ നീങ്ങുന്ന സാഹചര്യത്തില്‍ ഈയാഴ്ച നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലിനു ഹാജരാകേണ്ടെതില്ലന്നും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2 വര്‍ഷം മുന്‍പ് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിറക്കി എടുത്ത 2150 കോടിയുടെ വായ്പയുടെ പേരില്‍ ഇപ്പോള്‍ കേസെടുക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നീക്കമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നത്. ബിജെപിക്കു രാഷ്ട്രീയ മൈലേജ് സൃഷ്ടിക്കാന്‍ കേന്ദ്ര ഏജന്‍സി നടത്തുന്ന നീക്കം കേരളത്തില്‍ വിലപ്പോവില്ലെന്നും ശക്തമായി നേരിടുമെന്നുമാണ് സി.പി.എം നേതാക്കളും മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്

 

 

Top