ദുബായില്‍ മെട്രോ ബസ് യാത്രക്കാര്‍ക്ക് 50,000 ദിര്‍ഹം വരെ സമ്മാനം നേടാന്‍ അവസരം

ദുബായ്: മെട്രോയിലെയും, ബസിലെയും യാത്രക്കാര്‍ക്ക് 50,000 ദിര്‍ഹം വരെ സമ്മാനം നേടാനുള്ള അവസരമൊരുക്കി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.

നവംബര്‍ ഒന്നിന് പൊതുഗതാഗത ദിനാചരണത്തോടനുബന്ധിച്ചാണ് യാത്രക്കാര്‍ക്ക് സമ്മാനപദ്ധതി ഒരുക്കിയിരിക്കുന്നത്.

ഇതനുസരിച്ച് തിങ്കളാഴ്ച മുതല്‍ നവംബര്‍ ഒന്നുവരെ നോല്‍ കാര്‍ഡ് ഉപയോഗിച്ച് പൊതുഗതാഗത സംവിധാനങ്ങളില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന രണ്ടുപേര്‍ക്ക് 50,000 ദിര്‍ഹം വീതം സമ്മാനം നല്‍കുകയായിരുന്നു.

ബസ് , മെട്രോ, ട്രാം, വാട്ടര്‍ ടാക്‌സി, വാട്ടര്‍ ബസ് തുടങ്ങിയ പൊതുവാഹനങ്ങളിലാണ് യാത്ര ചെയ്യേണ്ടത്.

ഓരോ യാത്രയിലും നോല്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പോയിന്റുകള്‍ ലഭിക്കും. ഏറ്റവുമധികം പോയന്റുകള്‍ ലഭിക്കുന്ന രണ്ടു പേര്‍ക്കാണ് സമ്മാനം ലഭിക്കുന്നത്.

നവംബര്‍ ഒന്നിന് പൊതുഗതാഗത ദിനാഘോഷപരിപാടിയില്‍ തുക കൈമാറുകയും ചെയ്യും.

ഇതിനുപുറമേ നവംബര്‍ ഒന്നിന് യാത്രക്കാര്‍ക്ക് സംഘങ്ങളായി തിരിഞ്ഞ് മെട്രോയിലും ബസിലുമെല്ലാം സംഘടിപ്പിക്കുന്ന ഓട്ടമത്സരത്തിലും പങ്കെടുക്കാന്‍ കഴിയും.

ഓരോ സ്റ്റേഷനില്‍ എത്തുമ്പോളും പങ്കെടുക്കുന്ന യാത്രക്കാര്‍ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യേണ്ടതാണ്. പങ്കെടുത്തതിന് തെളിവായി ഓരോ സ്റ്റേഷനില്‍ നിന്നും സീലും മേടിക്കണം.

ഇത്തരത്തില്‍ അവസാന സ്റ്റേഷനില്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ സീലുകള്‍ ലഭിച്ച സംഘത്തെ വിജയികളായി പ്രഖ്യാപിക്കും.

ജയിച്ച ടീമിന് 50,000 ദിര്‍ഹവും രണ്ടാം സ്ഥാനക്കാര്‍ക്ക് 30,000 ദിര്‍ഹവും മൂന്നാംസ്ഥാനത്തിന് 15,000 ദിര്‍ഹവും സമ്മാനമായി ലഭിക്കും. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായിട്ടാണ് ആര്‍.ടി.എ. പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Top