ലൈംഗികാരോപണ വിവാദത്തില്‍ നാനാ പടേക്കര്‍ നിരപരാധിയാണെന്ന് രാജ് താക്കറെ

അമരാവതി: നടനും ദേശീയ പുരസ്‌കാര ജേതാവുമായ നാനാ പടേക്കര്‍ ആഭാസനാണെന്ന് തനിക്കറിയാമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറേ. എന്നാല്‍, തനുശ്രീ ദത്ത ഉന്നയിച്ച ലൈംഗികാരോപണത്തില്‍ അദ്ദേഹം നിരപരാധിയാണെന്നും താക്കറെ പറഞ്ഞു.

”നാനാ പടേക്കറെ വളരക്കാലമായി എനിക്കറിയാം. അയാള്‍ ഭ്രാന്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആഭാസനാണ്. എന്നാല്‍ ഇത്തരമൊരു കാര്യം അയാള്‍ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? മീടൂ വളരെ ഗുരുതരമായ വിഷയമാണ്. എന്നാല്‍ ട്വിറ്ററിലൂടെ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയല്ല” രാജ് താക്കറേ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ സംവാദം നടത്തേണ്ട ഒന്നല്ല ലൈംഗികാരോപണ വിവാദം എന്നും താക്കറേ കൂട്ടിച്ചേര്‍ക്കുന്നു. രാജ്യത്തെ മറ്റ് പ്രതിസന്ധികളെ മറച്ച് പിടിക്കാന്‍ വേണ്ടിയാണ് ഇത്തരം വിഷയങ്ങള്‍ രൂക്ഷമാക്കുന്നത്. രൂപയുടെ മൂല്യം ഇടിയുകയും പെട്രോളിന്റെ ഡീസലിന്റെയും വില വര്‍ദ്ധിക്കുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്യുന്ന അവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. ഈ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യം.

അതുപോലെ ദുരനുഭവം നേരിട്ട സ്ത്രീകള്‍ അപ്പോള്‍ത്തന്നെ പ്രതികരിക്കണം. അല്ലാതെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമല്ല പ്രതികരിക്കേണ്ടത്. ഏതെങ്കിലും രീതിയില്‍ പ്രതിസന്ധികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സഹായത്തിനായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Top