മീ ടൂ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക ജുഡീഷ്യല്‍ കമ്മറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : മീ ടൂ പീഡന പരാതികളെക്കുറിച്ചു പഠിക്കാന്‍ നാലംഗ ജുഡീഷ്യല്‍ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പരാതികള്‍ കൈകാര്യം ചെയ്യുന്നതിനു നിലവിലുള്ള നിയമസംവിധാനത്തിന്റെയും വ്യവസ്ഥാപിത മാര്‍ഗങ്ങളുടെയും കാര്യക്ഷമത പരിശോധിച്ചു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് സമിതിയുടെ ദൗത്യം. എന്നാല്‍, അംഗങ്ങളെ നിശ്ചയിച്ചിട്ടില്ലെന്ന് ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി പറഞ്ഞു.

വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ ആദ്യം അന്വേഷണമാവശ്യപ്പെട്ടതു മേനകയാണ്. പരാതികള്‍ ഗൗരവപൂര്‍വ്വം കണ്ടേ തീരൂ എന്ന് അവര്‍ നിലപാട് വ്യക്തമാക്കി. ഇത് മൗനം വെടിയാന്‍ മന്ത്രിസഭയിലെ മറ്റ് വനിതകളെയും നിര്‍ബന്ധിതരാക്കി. അക്ബറിനെതിരെ കൊളംബിയന്‍ പത്രപ്രവര്‍ത്തകയും പീഡനാരോപണമുന്നയിച്ച് രംഗത്തു വന്നിട്ടുണ്ട്.

റഫാല്‍ ഇടപാടിനെക്കുറിച്ചു ബിജെപി ആസ്ഥാനത്തു വാര്‍ത്താസമ്മേളനം നടത്തിയ റെയില്‍വേ മന്ത്രി പീയുഷ് ഗോയലും അക്ബറിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. അക്ബര്‍ വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തി വിശദീകരണം നല്‍കട്ടെയെന്നാണു പാര്‍ട്ടി നിലപാട്.

ഇതിനിടെ, പീഡന പരാതികള്‍ സമൂഹമാധ്യമങ്ങള്‍ വഴിയും പൊതുവേദികളിലൂടെയും പ്രചരിപ്പിക്കുന്നതിനു ഡല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക, കൂടുതല്‍ അഭിപ്രായം പറയുകയോ പേരുകള്‍ വെളിപ്പെടുത്തുകയോ ചെയ്യരുതെന്നു ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി.കെ. റാവു എന്നിവര്‍ നിര്‍ദേശിച്ചു. പോസ്റ്റുകള്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Top