മെഥനോളില്‍ ഓടുന്ന മെര്‍സിഡസ് ബസുകള്‍ ഇറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

bus

ന്യൂഡല്‍ഹി: മെഥനോളില്‍ ഓടുന്ന മെര്‍സിഡസ് ബസുകള്‍ ഇറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ ആസാം, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരിക്കും ഇവ ഇറങ്ങുക. 20 മെര്‍സിഡസ് ബസുകളാണ് രണ്ട് സംസ്ഥാനത്തുമായി ഇറക്കുക. ഇതു സംബന്ധിച്ച തീരുമാനത്തിനായുള്ള ചര്‍ച്ച ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടന്നു.

മെഥനോളിന്റെ ഉപയോഗം കൂട്ടുക എന്നതാണ് ഈ പ്രൊജക്ടിന്റെ പ്രധാന ഉദ്ദേശ്യം. അതുവഴി ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ ഇറക്കുമതി പരമാവധി കുറക്കാനാവുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഗഡ്കരിയെ കൂടാതെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, അനന്ത് ഗീതെ, ആനന്ദ് കുമാര്‍ എന്നീ മന്ത്രിമാരും, മറ്റു മന്ത്രാലയങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരും, നീതി ആയോഗ് മെമ്പര്‍ വി കെ സരസ്വതും ചര്‍ച്ചയില്‍ പങ്കെടുത്തു.

കല്‍ക്കരിയില്‍ നിന്നുള്ള മെഥനോള്‍ ഉത്പാദിപ്പിക്കുന്നതിന്റെ സാധ്യതയും പ്രകൃതിവാതകത്തിന് പകരം കല്‍ക്കരി വാതകം ഉപയോഗിക്കുന്നത് സംബന്ധിച്ച പഠനത്തെയും കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ ഒരു ഗ്രൂപ്പിനെ നിയമിച്ചിരുന്നു.

Top