ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

ഡല്‍ഹി: ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഡല്‍ഹി, രാജസ്ഥാന്‍. ചണ്ഡിഗഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 3നും 4നും ഉത്തര്‍ പ്രദേശില്‍ ഫെബ്രുവരി 4നും 5നും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും ചണ്ഡിഗഡിലും ഹരിയാനയിലും ആലിപ്പഴ വര്‍ഷത്തോടെയാകും മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കിയിട്ടുള്ളത്.

ഷിംലയില്‍ വാഹന ഗതാഗതം വരെ തടസപ്പെടുന്ന രീതിയിലാണ് മഞ്ഞ് വീഴ്ചയുണ്ടായത്. ദേശീയപാതകള്‍ അടക്കം 720 റോഡുകളിലൂടെയുമുള്ള ഗതാഗതം മഞ്ഞ് വീഴ്ചയില്‍ തടസപ്പെട്ടു. ചംപയില്‍ 163 റോഡുകളും ലാഹോളില്‍ 139 റോഡുകളും കുളുവില്‍ 67 റോഡുകളും മണ്ടിയിഷ 54 റോഡുകളും കിന്നൌറില്‍ 46 റോഡുകളിലുമാണ് മഞ്ഞ് വീഴ്ചയില്‍ ഗതാഗതം തടസപ്പെട്ടത്.

വെള്ളിയാഴ്ച കനത്ത മൂടല്‍ മഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. ദില്ലി വിമാനത്താവളത്തില്‍ വെള്ളിയാഴ്ച വിസിബിലിറ്റി 0 ആയിരുന്നു. ഇത് ഇവിടെ നിന്നുള്ള സര്‍വ്വീസുകളെ സാരമായി ബാധിച്ചിരുന്നു. ട്രെയിന്‍ സര്‍വ്വീസുകളേയും മൂടല്‍ മഞ്ഞ് ബാധിച്ചിരുന്നു. രാജ്യ തലസ്ഥാനത്തെ വെള്ളിയാഴ്ച താപനില 7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. കൂടിയ താപനില 18.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ സംസ്ഥാനങ്ങളായി ഹിമാചല്‍ പ്രദേശില്‍ അടക്കം മഞ്ഞ് വീഴ്ചയും മഴയും തുടരുകയാണ്.

Top