ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കുന്ന കൗമാരക്കാരില്‍ നിന്ന് ഹാനികരമായ ഉള്ളടക്കങ്ങള്‍ മറയ്ക്കാനുള്ള നടപടികളുമായി മെറ്റ. ലോകമെമ്പാടുമുള്ള ഭരണകൂടങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. മെറ്റയുടെ പ്ലാറ്റ്ഫോമുകള്‍ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുണ്ടെന്നും അവരില്‍ ആസക്തി സൃഷ്ടിക്കുന്നുവെന്നുമാണ് യുഎസിലെ 33 ല്‍ ഏറെ സംസ്ഥാനങ്ങള്‍ ആരോപിക്കുന്നത്. ഹാനികരമായ ഉള്ളടക്കങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് എന്താണ് പദ്ധതിയെന്ന് യൂറോപ്യന്‍ കമ്മീഷനും മെറ്റയോട് ചോദിച്ചു.
അത്തരം ഉള്ളടക്കം പങ്കുവെക്കാന്‍ പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ അനുവദിക്കുമെങ്കിലും, അത്തരം ഉള്ളടക്കം പോസ്റ്റുചെയ്യുന്ന ഉപയോക്താക്കളെ വിദഗ്ധരുടെ അടുത്തേക്ക് റീഡയറക്ട് ചെയ്യുമെന്നും ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതില്‍ അവരില്‍ നിന്ന് അവര്‍ക്ക് സഹായം ലഭിക്കുമെന്നും മെറ്റ പറഞ്ഞു. വരും ആഴ്ചകളില്‍ ഈ അപ്ഡേറ്റുകള്‍ അവതരിപ്പിക്കും.ഈ പുതിയ നയം നടപ്പിലാക്കുന്നതോടെ കര്‍ശന നിയന്ത്രണങ്ങളാവും കൗമാരക്കാരുടെ അക്കൗണ്ടുകള്‍ക്കുണ്ടാവുക. ആത്മഹത്യ, സ്വയം ഉപദ്രവം, ഈറ്റിങ് ഡിസോര്‍ഡര്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ഉള്ളടക്കങ്ങള്‍ തിരയാന്‍ അനുവദിക്കില്ല.
പ്രായത്തിനനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനൊപ്പം കൗമാരക്കാര്‍ സ്വയം അപകടം വരുത്തിവെക്കാനിടയുള്ള ഹാനികരമായ ഉള്ളടക്കങ്ങളും തങ്ങള്‍ നീക്കം ചെയ്യുമെന്നാണ് മെറ്റ പറയുന്നത്. സ്വയം ഉപദ്രവിക്കാന്‍ ആവശ്യപ്പെടും വിധമുള്ള ഉള്ളടക്കങ്ങള്‍ കൗമാരക്കാര്‍ക്ക് ഇനി ഇന്‍സ്റ്റാഗ്രാമില്‍ കാണാനാവില്ല എന്നാണ് കമ്പനി പറയുന്നത്.