ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും പെയ്ഡ് പതിപ്പുകള്‍ പുറത്തിറക്കാനൊരുങ്ങി മെറ്റ. പരസ്യം ഒഴിവാക്കുന്നതിനായാണ് യൂറോപ്യന്‍ യൂണിയനിലെ ഉപഭോക്താക്കള്‍ക്കായി പെയ്ഡ് വെര്‍ഷന്‍ അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് സബ്സ്‌ക്രിപ്ഷനുകള്‍ക്കായി പണമടയ്ക്കുന്നവര്‍ ആപ്പുകളില്‍ പരസ്യങ്ങള്‍ കാണില്ല. മെറ്റ ഔദ്യോഗികമായി ഈ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല.
സാമൂഹികമാധ്യമങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുന്ന യൂറോപ്യന്‍ യൂണിയന്റെ നടപടികളെ നേരിടാനാണ് പെയ്ഡ് പതിപ്പുകളിലേക്ക് മെറ്റ കടക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെയ്ഡ് പതിപ്പുകള്‍ പുറത്തിറക്കിയാലും നിലവിലുള്ള സൗജന്യ പതിപ്പുകളും തുടരുമെന്നാണ് വിവരം. എത്ര പണമാണ് പെയ്ഡ് പതിപ്പുകള്‍ക്ക് നല്‍കേണ്ടതെന്നോ എപ്പോഴാണ് തുടങ്ങുകയെന്നോ വ്യക്തമാക്കിയിട്ടില്ല.
ഉപഭോക്താക്കളുടെ വിവരശേഖരത്തിനും അത് പരസ്യവിതരണത്തിന് ഉപയോഗിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. യൂറോപ്പിലെ ജിഡിപിആര്‍ നിയമം ഉപഭോക്താക്കളുടെ സ്വകാര്യതക്ക് സംരക്ഷണം നല്‍കുന്നു. സൗജന്യ സേവനമാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇതുവരെ നല്‍കി വന്നത്. ഉപഭോക്താക്കള്‍ കാണുന്ന പരസ്യങ്ങളും ലഭിക്കുന്ന വിവരങ്ങളുമായിരുന്നു കമ്പനിയുടെ വരുമാനം. എന്നാല്‍ ഇത് നിര്‍ത്തലാക്കുന്നതോടെ വരുന്ന നഷ്ടം നികത്താനാണ് പണമടച്ചുള്ള പതിപ്പുകളെക്കുറിച്ച് മെറ്റ ആലോചിച്ചു തുടങ്ങിയത്.