മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. തികച്ചും സൗഹാര്‍ദപരമായിരുന്നു കൂടിക്കാഴ്ച്ചയെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പ്രതികരിച്ചു. രാജ്യത്ത് വിവിധയിടങ്ങളില്‍ പള്ളികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നായിരുന്നു മറുപടി.

മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഔദ്യോഗികമായ തീരുമാനങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍പാപ്പ ഇന്ത്യയിലേക്ക വരണമെന്ന് ആഗ്രഹമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ഇതിനായി നിയോഗിച്ചിട്ടുള്ള സെല്ലുകള്‍ തീരുമാനമെടുക്കുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.

‘പ്രധാനമന്ത്രിയുമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എല്ലാം ഇപ്പോള്‍ വെളിപ്പെടുത്താന്‍ പറ്റില്ല. കത്തോലിക്ക സഭയുടെ മെത്രാന്‍ എന്ന നിലയ്ക്കാണ് പ്രധാനമന്ത്രിയെ കാണാന്‍ വന്നത്. പലരുമുണ്ടായിട്ടും ഇന്ന് കാണാന്‍ ആദ്യം വിളിച്ചത് ഞങ്ങളെയാണ്. അത് പ്രധാനമന്ത്രിക്ക് ഈ സമൂഹത്തോടുള്ള താല്‍പര്യത്തിന്റെ അടയാളമായി കാണുന്നു. ഒരു സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അവരുമായി സഹകരിക്കുക ഞങ്ങളുടെ ഉത്തരവാദിത്തമാണ്’, മാര്‍ റാഫേല്‍ തട്ടില്‍ പ്രതികരിച്ചു.

Top