അഭയാര്‍ഥി കുട്ടികള്‍ക്ക് രക്ഷകനായി മെസൂത് ഓസില്‍; 1.2 ലക്ഷം ഡോളര്‍ സംഭാവന നല്‍കി

അങ്കാറ: തുര്‍ക്കിഷ് ഫുട്‌ബോള്‍ ക്ലബ്ബായ ഫെനര്‍ബാഷിയുടെ ജര്‍മ്മന്‍ ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ മെസൂത് ഓസില്‍ തുര്‍ക്കി റെഡ് ക്രസന്റിന്റെ റമദാനിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 1.2 ലക്ഷം ഡോളര്‍ സംഭാവന ചെയ്തതായി  റിപ്പോര്‍ട്ട് . തുര്‍ക്കിയിലെ ദരിദ്രര്‍ക്ക് 2,800 ഭക്ഷ്യസഹായ പാഴ്‌സലുകളും ഇന്തോനേഷ്യയില്‍  1,000 ഭക്ഷ്യ പാഴ്‌സലുകളും ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് 750 പാഴ്‌സലുകളും നല്‍കാന്‍ ഓസിലിന്റെ സംഭാവന ഉപയോഗിച്ചതായി തുര്‍ക്കി റെഡ് ക്രസന്റ് സൊസൈറ്റി ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു.

സിറിയയിലെ ഇദ്‌ലിബിലെയും സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെയും അനാഥകള്‍ക്കും വിശുദ്ധ മാസത്തിലുടനീളം ഇഫ്താര്‍ ഭക്ഷണം നല്‍കുമെന്നും സംഘടന പ്രസ്താവനയില്‍ പറയുന്നു. നിരവധി രാജ്യങ്ങളിലെ ആയിരക്കണക്കിന് കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ വര്‍ഷങ്ങളായി ഓസില്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന് തുര്‍ക്കി റെഡ് ക്രസന്റ് പ്രസിഡന്റ് ഡോ. കെറം കിനിക് പ്രസ്താവനയില്‍ വ്യക്തമാക്കി. മുമ്പ് ആഴ്‌സണല്‍ ഫുട്‌ബോള്‍ ക്ലബിനായി കളിച്ച തുര്‍ക്കി വംശജനായ ജര്‍മ്മന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാണ് ഓസില്‍.

 

Top