ചരിത്രം രചിച്ച് മെസ്സി, കോപ്പ ഉയർത്തി അര്‍ജന്റീന

മാരക്കാന: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ഇന്ന് വിരാമം. കോപ്പ അമേരിക്കയിലെ സ്വപ്‌ന ഫൈനലില്‍ അര്‍ജന്റീനയ്ക്ക് ചരിത്ര വിജയം. ഫുട്‌ബോളിന്റെ മിശിഹ ലയണല്‍ മെസി ആദ്യമായി ഒരു അന്താരാഷ്ട്ര കപ്പുയര്‍ത്തിയിരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ആവേശം വാനോളമുയര്‍ത്തിയ കലാശപ്പോരാട്ടത്തില്‍ ബ്രസീലിനെ 1-0 വീഴ്ത്തിയാണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. ചരിത്രത്തിലേക്ക് നീട്ടിയ ഏയ്ഞ്ചല്‍ ഡി മരിയയുടെ ഒരൊറ്റ ഗോളിന്റെ ബലത്തിലാണ് കോപ്പ കിരീടം അര്‍ജന്റീന നെഞ്ചോടടക്കിയത്.

ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തില്‍ 22ാം മിനിറ്റില്‍ മരിയ കുറിച്ച ഗോളാണ് അര്‍ജന്റീനയുടെ വിധി മാറ്റി മറിച്ചത്. ഡി പോളിന്റെ സുന്ദരമായ പാസ് ബ്രസീല്‍ പ്രതിരോധത്തിന്റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ആദ്യഗോളിന് ശേഷം ലീഡ് ഉയര്‍ത്താന്‍ ശ്രമിച്ച അര്‍ജന്റീന വീണ്ടും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയില്‍ അതൊന്നും ഗോളായില്ല. 29ാം മിനിറ്റില്‍ ഡി മരിയയുടെ മികച്ചൊരു ഷോട്ട് മാര്‍ക്കിന്യോസ് തടഞ്ഞു. കൂടാതെ മധ്യനിരയില്‍ നിന്ന് ആരംഭിച്ച മുന്നേറ്റത്തിനൊടുവില്‍ മെസിയുടെ ഷോട്ട് പുറത്തേക്ക് പോവുകയും ചെയ്തു. അതേസമയം ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചതുമില്ല.

രണ്ടാം പകുതിയില്‍ വര്‍ധിച്ച ആവേശത്തോടെ ഉയര്‍ന്ന് കളിച്ച ബ്രസീല്‍ തുടക്കത്തിലെ റിച്ചാര്‍ഡ് നിക്‌സണിലൂടെ സമനില ഗോള്‍ നേടിയെങ്കിലും സൈഡ് റഫറി ഓഫ്‌സൈഡ് വിളിച്ചതോടെയാണ് അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ആശ്വാസമായത്. 87ാം മിനിറ്റില്‍ ഗബ്രിയേല്‍ ബര്‍ബോസയുടെ തകര്‍പ്പന്‍ ഗോള്‍ അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനസ് തടുത്തിട്ടു. 88ാം മിനിറ്റില്‍ ഒറ്റക്ക് പന്തുമായി മുന്നേറിയ ലണയല്‍ മെസ്സി സുന്ദരമായ സുവര്‍ണാവസരം കളഞ്ഞുകുളിച്ചു. എന്നിരുന്നാലും രാജ്യത്തിന് ഒപ്പം ഒരു കിരീടമില്ല എന്ന മെസിക്കെതിരെയുള്ള വിമര്‍ശനത്തിന് ഇന്ന് മരക്കാനയില്‍ അവസാനമായി.

Top