യുവേഫ ചാംപ്യന്‍സ് ലീഗില്‍ മെസി കളിക്കില്ല; പിഎസ്ജി ഇന്നിറങ്ങും

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ നാലാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പിഎസ്ജി, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ന് ബെന്‍ഫിക്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ പരിക്കേറ്റ ലയണല്‍ മെസി, പിഎസ്ജി നിരയില്‍ ഉണ്ടാകില്ല. വിജയവഴിയില്‍ തിരിച്ചെത്താന്‍ പിഎസ്ജി ശ്രമിക്കന്നത്. ബെന്‍ഫിക്കയോട് കഴിഞ്ഞ മത്സരത്തില്‍ സമനിലയായിരുന്നു ഫ്രഞ്ച് ചാംപ്യന്മാരുടെ ഫലം. നിരാശമാറ്റാന്‍ പാരീസില്‍ കരുത്തര്‍ ലക്ഷ്യമിടുന്നത് ജയം മാത്രം.

സൂപ്പര്‍താരം മെസ്സിയുടെ അഭാവം പിഎസ്ജിക്ക് തിരിച്ചടിയാണ്. കണങ്കാലിന് പരിക്കേറ്റ മെസ്സിക്ക് ഫ്രഞ്ച് ലീഗില്‍ റെയിംസിനെതിരായ മത്സരവും നഷ്ടമായിരുന്നു. എംബപ്പെ, നെയ്മര്‍ സഖ്യത്തിനൊപ്പം പാബ്ലോ സറാബിയയായിരിക്കും മുന്നേറ്റത്തിലെത്തുക. പരിക്ക് മാറാത്ത റെനാറ്റോ സാഞ്ചസും കിംബംപെയും ഇന്നും പിഎസ്ജി നിരയിലുണ്ടാകില്ല. നിലവിലെ ചാംപ്യന്മാരായ റയല്‍മാഡ്രിഡ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ യുക്രൈന്‍ ക്ലബ്ബ് ഷാക്തര്‍ ഡോണസ്‌കിനെ നേരിടും.

യുക്രൈയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പോളണ്ടിലാണ് മത്സരം നടക്കുക. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഷാക്തറിനെതിരെ റയലിന്റെ ജയം. ഇന്ന് ജയിച്ചാല്‍ അവസാന പതിനാറില്‍ റയലിന് സ്ഥാനം ഉറപ്പ്. ഗെറ്റഫെയ്‌ക്കെതിരെ പുറത്തിരുന്ന കരീം ബെന്‍സെമ റയല്‍ നിരയില്‍ തിരിച്ചെത്തും. പരിക്കേറ്റ ഗോള്‍ കീപ്പര്‍ കോത്വ ഇന്ന് കളിച്ചേക്കില്ല. ചെല്‍സി, എസി മിലാനുമായി ഏറ്റുമുട്ടും.

Top