ലോകകപ്പിനു ശേഷം മടക്കിവെച്ച അര്‍ജന്റീന ജഴ്‌സി മെസ്സി വീണ്ടും അണിയുന്നു

ബ്യൂണസ് ഐറിസ്: ലയണല്‍ മെസ്സിയെ റഷ്യന്‍ ലോകകപ്പിനു ശേഷം അര്‍ജന്റീനയുടെ ജഴ്‌സിയില്‍ കണ്ടിട്ടില്ല എന്ന പരാതിയായിരുന്നു ആരാധകര്‍ക്ക്. അതിനെ ചുറ്റിപ്പറ്റി അനേകം അഭ്യൂഹങ്ങളും ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെല്ലാം അന്ത്യം കുറിച്ചുകൊണ്ട് മെസ്സി അര്‍ജന്റീനയുടെ കളിക്കളത്തിലേക്കു തിരിച്ചുവന്നു.

കഴിഞ്ഞ റഷ്യന്‍ ലോകകപ്പിനു ശേഷം മെസ്സി അര്‍ജന്റീനയുടെ ജഴ്‌സിയി അണിഞ്ഞിട്ടില്ല. ലോകകപ്പ് ഫേവറിറ്റുകളിലൊന്നായിരുന്ന അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെ പുറത്തായതോടെ മെസ്സി ടീമില്‍ നിന്നും അനിശ്ചിതമായി മാറിനില്‍ക്കുകയായിരുന്നു.ലോകകപ്പിനു ശേഷം താല്‍ക്കാലിക കോച്ചായ ലയണല്‍ സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീന ചില സൗഹൃദ മല്‍സരങ്ങളില്‍ കളിച്ചെങ്കിലും അവയിലൊന്നും മെസ്സിയുണ്ടായിരുന്നില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ മടങ്ങിവരവിനു വഴിയൊരുങ്ങിയതായി കോച്ച് സ്‌കലോനി അറിയിച്ചു.

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പായ കോപ്പാ അമേരിക്ക 2019ല്‍ നടക്കാനിരിക്കെയാണ് മെസ്സിയെ ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ സ്‌കലോനി ഒരു ശ്രമം കൂടി നടത്തുന്നത്. കോപ്പയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ അര്‍ജന്റീന ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മെസ്സിയെപ്പോലെ അനുഭവസമ്പന്നനായ ഒരു താരം തങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ടീമിന് അതു മുതല്‍ക്കൂട്ടാവുമെന്ന വിലയിരുത്തലിലാണ് സ്‌കലോനിയും ദേശീയ ഫുട്‌ബോള്‍ അസോസിയേഷനും.എന്നാല്‍ മെസ്സി ഇക്കാര്യത്തില്‍ കൃത്യമായ മറുപടിയൊന്നും നല്‍കിയിരുന്നില്ല.

Top