ഫുട്‌ബോള്‍ മിശിഹ ഇറ്റലിയിലേക്ക് പോകുമോ; റൊണായുടെ വെല്ലുവിളിയോട് പ്രതികരിച്ച് മെസ്സി

മാഡ്രിഡ്: ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് ഫുട്‌ബോള്‍ ലോകത്തെ കൊമ്പന്‍മാര്‍. ഇവര്‍ ഏതു ക്ലബിന്റെ കൂടെയാണോ ആ ക്ലബിലേക്കാകും ലോക ഫുട്‌ബോള്‍ പ്രേമികലുടെ കണ്ണും മനസും നില്‍ക്കുക എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടു തന്നെ ഈ കൊമ്പന്‍മാരെ തങ്ങളുടെ ടീമിലേക്ക് എത്തിക്കാന്‍ പലപ്പോഴും ക്ലബുകള്‍ തമ്മില്‍ മത്സരമാണ്.

ഈ സീസണിലാണ് റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിലേക്ക് റൊണാള്‍ഡോ കൂടുമാറിയത്. റോണോയുടെ ക്ലബ് മാറ്റത്തോടെ എല്ലാവരും ഉറ്റ് നോക്കിയത് മെസ്സിയെ ആയിരുന്നു. സ്പാനിഷ് ഫുട്‌ബോള്‍ അടക്കി ഭരിച്ച റോണോ-മെസ്സി തട്ടകത്തില്‍ നിന്ന് റോണോ പോയതോടെ തനിക്കൊത്ത എതിരാളിയെ തേടി മെസ്സി ഇറ്റലിയിലേക്ക് പോകുമോ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം.

അതു മാത്രവുമല്ല ഇറ്റലിയിലേക്ക് മെസ്സിയെ റൊണാള്‍ഡോ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ ഇക്കാര്യത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മെസ്സി. ഇറ്റാലിയന്‍ ഫുട്‌ബോളില്‍ ചേരാനുള്ള റൊണാള്‍ഡോയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മെസ്സി പ്രതികരിച്ചത് ഇങ്ങനെയാണ്.

‘ എനിക്ക് ഒരു മാറ്റത്തിന്റെയും ആവശ്യമില്ല. ഞാന്‍ ലോകത്തിലെ മികച്ച ടീമിലാണ്. ഒരോ വര്‍ഷവും പുതിയ പുതിയ വെല്ലുവിളികളാണ്. പുതിയ ഗോളുകള്‍ക്കായി ടീമുകളൊ ലീഗുകളൊ മാറ്റേണ്ടതില്ല. ഞാന്‍ വീട്ടിലാണ്, എനിക്കൊരു മാറ്റത്തിന്റെ ആവശ്യമില്ല.’ മെസ്സി വ്യക്തമാക്കി.

Top