മെസ്സി റൊണാള്‍ഡോയേക്കാള്‍ മികച്ച താരമെന്ന് സാവിയോള

messi ronaldo

ഗുരുഗ്രാം: ഫുട്‌ബോളിലെ പുതിയ താരങ്ങള്‍ക്ക് ലയണല്‍ മെസ്സിയേയും ക്രിസ്റ്റ്യാനോ റൊണള്‍ഡോയേയും മറികടക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് മുന്‍ അര്‍ജന്റീന താരം സാവിയോള.

കരിയറില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്കായും റയലിനായും കളിച്ച ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് സാവിയോള. ലയണല്‍ മെസ്സിയാണ് എന്തുകൊണ്ടും റൊണാള്‍ഡോയേക്കാള്‍ മികച്ച താരമെന്നാണ് സാവിയോള അഭിപ്രായപ്പെട്ടത്.

തന്റെ അഭിപ്രായത്തില്‍ എന്തുകൊണ്ടും ക്രിസ്റ്റ്യാനോയ്ക്കും മുകളിലാണ് മെസ്സിയുടെ സ്ഥാനം. ഫുട്‌ബോള്‍ എങ്ങനെ കളിക്കണമെന്നാണോ താന്‍ വിചാരിക്കുന്നത് അത്തരത്തില്‍ കളിക്കുന്ന താരമാണ് മെസ്സി.

ക്രിസ്റ്റ്യാനോ മികച്ച കളിക്കാരന്‍ തന്നെയാണ്. എന്നാല്‍ താന്‍ എന്തുകൊണ്ട് ലോകത്തിലെ മികച്ച കളിക്കാരനാകുന്നു എന്നത് മെസ്സി കഴിഞ്ഞ ഏതാനും വര്‍ങ്ങളായുള്ള പ്രകടനം കൊണ്ട് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് സാവിയോള വ്യക്തമാക്കി.

ബാഴ്‌സലോണ ലെജന്റ്‌സ് ടീമിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സാവിയോള ഗുരുഗ്രാമിലെ എഫ്.സി ബാഴ്‌സലോണ അക്കാദമിയിലെ കുട്ടികളോട് സംവദിക്കുന്നതിനിടെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

2016ല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച സാവിയോള ഇപ്പോള്‍ ആന്‍ഡൊറാന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഓര്‍ഡിനോയുടെ സഹപരിശീലകനാണ്.

Top