ലോകകപ്പില്‍ പുറത്താകുകയാണെങ്കില്‍ മെസി വിരമിക്കണമെന്ന് അര്‍ജന്റീനന്‍ താരം

messi

മോസ്‌കോ: ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീന പുറത്താകുകയാണെങ്കില്‍ ലയണല്‍ മെസി ഫുട്‌ബോളില്‍ നിന്ന് വിരമിക്കണമെന്ന് അര്‍ജന്റീനന്‍ താരം പാബ്ലോ സബലേറ്റ. 2014 ല്‍ നടന്ന ബ്രസീല്‍ ലോകകപ്പില്‍ ഫൈനലിലെത്തിയ അര്‍ജന്റീനന്‍ നിരയിലുണ്ടായിരുന്ന സബലേറ്റ, ക്രൊയേഷ്യക്കെതിരായ അര്‍ജന്റീനയുടെ നാണം കെട്ട പരാജയത്തിന് ശേഷമാണ് തന്റെ അഭിപ്രായവുമായി രംഗത്തെത്തിയത്.

‘മെസിയുടെ കാര്യത്തില്‍ ദുഖമുണ്ട്, ഇനിയൊരു അവസരം രാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ മെസിയ്ക്ക് ലഭിക്കില്ല, അതിനാല്‍ തന്നെ ടീം ആദ്യ റൗണ്ടില്‍ പുറത്താകുകയാണെങ്കില്‍ മെസി രാജ്യന്തര ഫുട്‌ബോള്‍ മത്സരം ഒഴിവാക്കുന്നതാണ് നല്ലത്, കാരണം ലോകകപ്പിന് ഇനി നാല് വര്‍ഷത്തെ ദൂരമുണ്ട്, അത്രയും നാള്‍ കളത്തില്‍ തുടരുക മെസിയ്ക്ക് എളുപ്പമാകില്ല’ സബലേറ്റ പറയുന്നു.

നിലവില്‍ രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റാണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ സമ്പാദ്യം. അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിക്കുകയും ഗ്രൂപ്പിലെ മറ്റ് മത്സര ഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ മാത്രമേ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാനാകൂ.

Top