മെസി പിഎസ്ജിയിലേക്ക്; ചര്‍ച്ചകള്‍ പൂര്‍ത്തിയായി, പ്രഖ്യാപനം ഉടന്‍

പാരീസ്: ബാഴ്‌സലോണ വിട്ട അര്‍ജന്റീന സൂപ്പര്‍ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മനില്‍(പിഎസ്ജി) ചേരും. മെസിയും പിഎസ്ജിയും തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എല്‍ ക്വിപ്പെ റിപ്പോര്‍ട്ട് ചെയ്തു. മെസിയുമായി കരാറിലെത്തിയ കാര്യം പി എസ് ജി അധികം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

രണ്ടു വര്‍ഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയായിട്ടുണ്ട്. വൈദ്യ പരിശോധനകള്‍ക്കായി മെസി ഉടന്‍ പാരീസിലെത്തും. ഇതിനുശേഷം മെസ്സിയെ പിഎസ്ജിയുടെ ഔദ്യോഗിക ജേഴ്‌സിയില്‍ അവതരിപ്പിക്കും.

കരാര്‍ സംബന്ധിച്ച് മെസിയും അദേഹത്തിന്റെ പിതാവും അഭിഭാഷകരും ഇന്ന് രാവിലെയാണ് അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്. മെസിയെ ഈഫല്‍ ഗോപുരത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് പി എസ് ജി പദ്ധതിയിടുന്നത് എന്നാണ് സൂചന. പാരീസില്‍ മെസിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലും ക്ലബ് ആസ്ഥാനത്തും ആയിരക്കണക്കിന് ആരാധകര്‍ കാത്തിരിക്കുകയാണ്.

 

Top