മെസിയുടെ 10ആം നമ്പര്‍ ജഴ്‌സി പെഡ്രി അണിയുമെന്ന് റിപ്പോര്‍ട്ട്

തിഹാസ താരം ലയണല്‍ മെസി ബാഴ്‌സലോണയില്‍ അണിഞ്ഞിരുന്ന 10ആം നമ്പര്‍ ജഴ്‌സി ഇനി മുതല്‍ സ്പാനിഷ് യുവതാരം പെഡ്രി അണിയുമെന്ന് റിപ്പോര്‍ട്ട്. പത്താം നമ്പര്‍ ജഴ്‌സി ജഴ്‌സി റിട്ടയര്‍ ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ലാ ലിഗയുടെ നിയമപ്രകാരം 1 മുതല്‍ 25 നമ്പര്‍ വരെയുള്ള ജഴ്‌സികള്‍ നിര്‍ബന്ധമായും ക്ലബുകള്‍ ഉപയോഗിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ പത്താം നമ്പര്‍ ജഴ്‌സി പെഡ്രിക്ക് നല്‍കുമെന്നാണ് സൂചനകള്‍.

ലാസ് പല്‍മാസില്‍ നിന്ന് കഴിഞ്ഞ സീസണില്‍ ബാഴ്‌സക്കൊപ്പം ചേര്‍ന്ന 18 വയസ്സുകാരന്‍ പെഡ്രി യൂറോ കപ്പിനും ടൊക്യോ ഒളിമ്പിക്‌സിനുമുള്ള സ്‌പെയിന്‍ ദേശീയ ടീമിലും ഇതിനകം കളിച്ചു. മികച്ച മധ്യനിര താരമെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞ പെഡ്രിക്ക് 10ആം നമ്പര്‍ വലിയ ഉത്തരവാദിത്തമാവും.

കഴിഞ്ഞ ദിവസം ക്ലബ് താരങ്ങളുടെ ജഴ്‌സി നമ്പര്‍ പുറത്തിറക്കിയിരുന്നു. 1 മുതല്‍ 20 വരെയുള്ള ജഴ്‌സികളില്‍ രണ്ട് നമ്പറുകള്‍ മാത്രമാണ് ഇല്ലാതിരുന്നത്. പത്താം നമ്പറും കഴിഞ്ഞ സീസണില്‍ പെഡ്രി അണിഞ്ഞ 16ആം നമ്പറും. ഇതോടെയാണ് പുതിയ അഭ്യൂഹങ്ങള്‍ ഉയര്‍ന്നുതുടങ്ങിയത്.

അതേസമയം, ജോവാന്‍ ഗാമ്പര്‍ ട്രോഫി സൗഹൃദ മത്സരത്തില്‍ എഫ്‌സി ബാഴ്‌സലോണ തകര്‍പ്പന്‍ ജയം കുറിച്ചു. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനെയാണ് ബാഴ്‌സ കീഴടക്കിയത്. ഇതിഹാസ താരം ലയണല്‍ മെസി ക്ലബ് ഔദ്യോഗികമായി ക്ലബ് വിട്ടതിനു ശേഷം കളിക്കുന്ന ആദ്യ മത്സരത്തില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കറ്റാലന്‍ പടയുടെ ജയം.

യുവന്റസിനായി ഇതിഹാസ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങിയിരുന്നു. മെസി ടീമിലുണ്ടായിരുന്നെങ്കില്‍ മെസി-ക്രിസ്ത്യാനോ പോരാട്ടം എന്ന നിലയില്‍ ശ്രദ്ധ നേടേണ്ട മത്സരമായിരുന്നു ഇത്. മൂന്നാം മിനിട്ടില്‍ തന്നെ ബാഴ്‌സലോണ മുന്നിലെത്തി. ലിയോണില്‍ നിന്ന് ഈ സീസണില്‍ ടീമിലെത്തിയ ഡച്ച് താരം മെംഫിസ് ഡിപായ് ആണ് ആദ്യ ഗോളടിച്ചത്.

57ആം മിനിട്ടില്‍ ഡെന്മാര്‍ക്ക് താരം മാര്‍ട്ടിന്‍ ബ്രാത്വെയ്റ്റിലൂടെ ബാഴ്‌സ ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമില്‍ യുവതാരം റിക്കി പുജ് ബാഴ്‌സയുടെ ഗോള്‍ വേട്ട പൂര്‍ത്തിയാക്കി. ക്രോസ് ബാറിനു കീഴില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഗോള്‍ കീപ്പര്‍ നെറ്റോയും ബാഴ്‌സയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

 

Top