മെസ്സി മാജിക്കിൽ അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക്

മെസ്സിയുടെ മാജിക്കിൽ അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക്. ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് അർജന്റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ആദ്യ പകുതിയുടെ 35-ാം മിനുട്ടില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ആദ്യ ഗോള്‍ നേടിയത്. ഒട്ടാമെന്‍ഡി നല്‍കിയ പാസ് കാലില്‍ സ്വീകരിച്ച മെസ്സിയുടെ മാജിക്കല്‍ ഷോട്ട് ഓസ്‌ട്രേലിയന്‍ വലയിലേക്ക്. അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍.

65-ാം മിനുട്ടില്‍ ഓസീസ് ഗോളിയുടെ പിഴവ് മുതലെടുത്ത ജൂലിയന്‍ അല്‍വാരസ് അര്‍ജന്റീനയ്ക്കായി രണ്ടാം ഗോള്‍ നേടി.രണ്ട് ഗോളിന് ശേഷം ഓസീസ് പട 77-ാം മിനുട്ടില്‍ അര്‍ജന്റീനയുടെ വലകുലുക്കി.

25 വാര അകലെ നിന്ന് ഓസീസ് താരം ഗുഡ്വിന്‍ തൊടുത്ത ഷോട്ട് അര്‍ജന്റീനിയന്‍ താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ ദേഹത്ത് തട്ടി വലയിലേക്ക് കയറുകയായിരുന്നു.അമേരിക്കയെ തകര്‍ത്തെത്തുന്ന നെതര്‍ലന്‍ഡ്‌സുമായാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. ഇന്നലെ നടന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഓറഞ്ച് പടയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.

Top