ഇരട്ട ഗോളുകളുമായി മെസി വീണ്ടും രക്ഷകൻ; ഇന്റര്‍ മയാമിക്ക് ഷൂട്ടൗട്ടിൽ വിജയം

ഡല്ലാസ് : വീണ്ടും ലിയോണല്‍ മെസിയുടെ തോളിലേറി ഇന്റര്‍ മയാമി. ലീഗ്‌സ് കപ്പില്‍ എഫ്‌സി ഡല്ലാസിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്റര്‍ മയാമിയുടെ ജയം. 3-1നും പിന്നീട് 4-2നും പിന്നില്‍ നിന്ന് ശേഷമായിരുന്നു മയാമിയുടെ തിരിച്ചുവരവ്. 85-ാം മിനിറ്റില്‍ മെസി നേടിയ ഫ്രീകിക്ക് ഗോളാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഷൂട്ടൗട്ടില്‍ മെസിയും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലക്ഷ്യം കണ്ടു. ഡല്ലാസിന്റെ ഒരു താരത്തിന് പിഴച്ചു. ഇതോടെ മയാമി ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്.

നിശ്ചിത സമയത്ത് ഫ്രീകിക്ക് ഗോള്‍ കൂടാതെ മറ്റൊന്ന് കൂടി മെസി നേടി. ആറാം മിനിറ്റില്‍ മെസി ലീഡ് നേടികൊടുത്തു. മെസിക്ക് പുറമെ ബെഞ്ചമിന്‍ ക്രമാഷിയാണ് മറ്റൊരു ഗോള്‍ നേടിയത്. മറ്റൊന്ന് മാര്‍കോ ഫര്‍ഫാന്റെ സെല്‍ഫ് ഗോളായിരുന്നു. ഫാകുണ്ടോ ക്വിഗ്നോന്‍, ബെര്‍ണാര്‍ഡ് കമുംഗോ, അലന്‍ വെലാസ്‌കോ എന്നിവരുടെ വകയായിരുന്നു ഡല്ലാസിന്റെ ഗോളുകള്‍. റോബര്‍ട്ട് ടെയ്‌ലറുടെ സെല്‍ഫ് ഗോളും അവര്‍ക്ക് ഡല്ലാസിന് തുണയായിരുന്നു.

ആറാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയുടെ അസിസറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. അതും ബാഴ്‌സലോണയിലെ കൂട്ടുകെട്ട് ഓര്‍മിപ്പിക്കും വിധത്തില്‍. ഡി ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ട് ഗോള്‍വര കടുന്നു. പിന്നീട് മൂന്ന് ഗോള്‍ ഡല്ലാസ് തിരിച്ചടിച്ചു. എന്നാല്‍ 65-ാം മിനിറ്റില്‍ ക്രമാഷി ഒരു ഗോള്‍ തിരിച്ചടിച്ചു. സ്‌കോര്‍ 3-2. എന്നാല്‍ റോബര്‍ട്ട് ടെയ്‌ലറുടെ സെല്‍ഫ് ഗോള്‍ വീണ്ടും ഡല്ലാസിനെ മുന്നിലെത്തിച്ചു. എന്നാല്‍ 80-ാം മിനിറ്റില്‍ മാര്‍കോ ഫര്‍ഫാന്റെ സെല്‍ഫ് ഗോള്‍ മയാമിക്കും തുണയായി. സ്‌കോര്‍ 4-3. പിന്നാലെ 85-ാം മിനിറ്റില്‍ സമനില ഉറപ്പിച്ച മെസിയുടെ ഫ്രീകിക്ക് ഗോള്‍.

മെസി ടീമിലെത്തിയ ശേഷം മയാമി പരാജയപ്പെട്ടിട്ടില്ല. ടീം തകരര്‍പ്പന്‍ ഫോമില്‍. മെസിയും ആസ്വദിച്ചാണ് കളിക്കുന്നത്. ഈമാസം 11നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. എതിരാളികളെ തീരുമാനമായിട്ടില്ല.

Top