ലോകകപ്പ് നേടിയ മെസി പ്രചോദനം; അടുത്ത ലോകകപ്പിലും നെയ്മര്‍ ബ്രസീലിനൊപ്പം തുടർന്നേക്കും

റിയൊ ഡി ജനീറോ: ബ്രസീലിനൊപ്പം അടുത്ത ലോകകപ്പ് വരെ തുടരാന്‍ നെയ്മര്‍ ജൂനിയര്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. 2026 ലോകകപ്പാകുമ്പോള്‍ 34 വയസായിരിക്കും നെയ്മറിന്. ഖത്തറില്‍ ഉജ്വലമായി കളിച്ചിട്ടും ക്വാര്‍ട്ടറില്‍ ബ്രസീല്‍ വീണത് കണ്ണീരോടെ നോക്കിനില്‍ക്കാനെ നെയ്മറിന് കഴിഞ്ഞുള്ളൂ. കോപ്പ അമേരിക്കയിലും ഒളിംപിക്‌സിലും കോണ്‍ഫഡറേഷന്‍ കപ്പിലുമെല്ലാം ബ്രസീലിന് കിരീടം സമ്മാനിച്ച സൂപ്പര്‍താരം ഒരിക്കല്‍ കൂടി ലോകകപ്പെന്ന സ്വപ്നത്തിനായി ശ്രമിക്കും.

2026ല്‍ അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി വേദിയാകുന്ന ലോകകപ്പിലും ബ്രസീലിനായി കളിക്കണമെന്നാണ് നെയ്മറിന്റെ മോഹം. ബ്രസീലിയന്‍ മാധ്യമങ്ങളാണ് നെയ്മാര്‍ അടുത്ത ലോകകപ്പ് വരെ ടീമില്‍ തുടരുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. 35 -ാം വയസില്‍ സുഹൃത്തും സഹതാരവുമായ മെസി കിരീടം നേടിയത് നെയ്മറിന് പ്രചോദനമായതാണ് തീരുമാനത്തിന് പിന്നില്‍. മെസി കിരീടം നേടിയപ്പോഴും ആശംസകള്‍ നേര്‍ന്ന് നെയ്മര്‍ എത്തിയിരുന്നു.

ഖത്തര്‍ ലോകകപ്പില്‍ 77-ാം ഗോള്‍ നേടിയ നെയ്മാര്‍ പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു. അമേരിക്ക ബ്രസീലിന് ഭാഗ്യ വേദികൂടിയാണ്. നേരത്തെ 1994ല്‍ അമേരിക്ക വേദിയായപ്പോള്‍ ലോകകപ്പില്‍ ബ്രസീല്‍ ചാംപ്യന്മാരായിരുന്നു. നിലവില്‍ പുതിയ കോച്ചിനെ തേടുകയാണ് ബ്രസീല്‍. ഖത്തര്‍ ഫിഫ ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞ കോച്ച് ടിറ്റെയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ബ്രസീല്‍. ഹാസെ മൊറീഞ്ഞോയെ പരിശീലകനായി നിയമിക്കാനാണ് നീക്കം. ഏജന്റ് ജോര്‍ജേ മെന്‍ഡസാണ് മോറീഞ്ഞോയുമായി ചര്‍ച്ചകള്‍ നടത്തുക എന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റതിന് പിന്നാലെയാണ് കോച്ച് ടിറ്റെ ബ്രസീല്‍ ടീം വിട്ടത്. പകരം കോച്ചിനുള്ള ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ അന്വേഷണം നിലവില്‍ എത്തിനില്‍ക്കുന്നത് എ എസ് റോമ പരിശീലകന്‍ ഹോസേ മോറീഞ്ഞോയിലാണ്. പോര്‍ച്ചുഗലും മോറീഞ്ഞോയ്ക്കായി രംഗത്തുണ്ട്. നേരത്തെ പെപ് ഗ്വാര്‍ഡിയോളയ്ക്കായി ബ്രസീല്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. മാഞ്ചസ്റ്റര്‍ സിറ്റി പെപുമായുള്ള കരാര്‍ പുതുക്കിയതോടെയാണ് ബ്രസീല്‍ മോറീഞ്ഞോയിലേക്ക് തിരിഞ്ഞത്.

Top