ദീർഘകാലം ഇനി കളത്തിൽ തുടരില്ലെന്ന് ബലോൻ ദ് ഓർ വേദിയിൽ മെസ്സി സൂചിപ്പിച്ചു

പാരിസ്: എട്ടാം തവണയും ബലോന്‍ ദ് ഓര്‍ ജേതാവായിരിക്കുകയാണ് ലയണല്‍ മെസ്സി. കരിയറില്‍ എല്ലാ നേട്ടങ്ങളും പിന്നിട്ടതായി താരം പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. അടുത്ത ലോകകപ്പില്‍ താന്‍ കളിക്കില്ലെന്നും മെസ്സി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇനി എത്ര കാലം മെസ്സി കളത്തില്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും ദീര്‍ഘകാലം ഇനി കളത്തില്‍ തുടരില്ലെന്ന് തന്നെയാണ് ബലോന്‍ ദ് ഓര്‍ വേദിയിലും മെസ്സി സൂചിപ്പിക്കുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കളിക്കുന്ന നോര്‍വേ യുവതാരം എര്‍ലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് ബലോന്‍ ദ് ഓര്‍ വോട്ടിങ്ങില്‍ മെസ്സി ഒന്നാമനായത്. ഇതാദ്യമായി മേജര്‍ ലീ?ഗ് സോക്കര്‍ കളിക്കുന്ന ഒരു താരം ബലോന്‍ ദ് ഓര്‍ നേടിയെന്നതും മറ്റൊരു പ്രത്യേകതയാണ്.

മുമ്പ് താന്‍ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം നേടുന്നത് അര്‍ജന്റീന കോപ്പ അമേരിക്ക വിജയിച്ചപ്പോഴായിരുന്നു. പക്ഷേ ഇത്തവണത്തെ പുരസ്‌കാരം വളരെ സ്‌പെഷ്യലാണ്. കാരണം അര്‍ജന്റീന ലോകകപ്പ് ജയിച്ച ശേഷമാണ് തനിക്ക് ബലോന്‍ ദ് ഓര്‍ ലഭിക്കുന്നത്. ഫുട്‌ബോളില്‍ ഇനി ദീര്‍ഘകാലം നീളുന്ന കരിയറിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ല. ഭാവിയില്‍ താന്‍ എന്ത് ചെയ്യുമെന്ന് ഇപ്പോള്‍ ആലോചിക്കുന്നില്ല. ഇപ്പോഴത്തെ നിമിഷങ്ങള്‍ താന്‍ ആസ്വദിക്കുകയാണ്. യുഎസില്‍ കോപ്പ അമേരിക്ക മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ടീമിന് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അതിനു ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മെസ്സി വ്യക്തമാക്കി.

 

Top