മെസി നാളെ പാരീസിൽ; ഇതിഹാസതാരത്തിനെ വലിയ രീതിയിൽ സ്വീകരിക്കുമെന്ന് പിഎസ്ജി കോച്ച്

പാരീസ്: ഫ്രഞ്ച് ലീഗില്‍ ലെന്‍സിനോടേറ്റ തോല്‍വിയുടെ ഞെട്ടലിലാണ് പിഎസ്ജി. ലിയോണല്‍ മെസിയും നെയ്മറുമില്ലാതെ ഇറങ്ങിയ പിഎസ്ജി ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോറ്റത്. കിലിയന്‍ എംബാപ്പെയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചതുമില്ല. ലോകകപ്പിന് ശേഷം കഴിഞ്ഞ ദിവസം ആദ്യ മത്സരനിറങ്ങിയ നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ഇതോടെയാണ് താരത്തിന് ലെന്‍സിന് എതിരെയുള്ള മത്സരം നഷ്ടമായത്. ലോകകപ്പിന് ശേഷം ലിയോണല്‍ മെസി ഇതുവരെ പാരീസിലേക്ക് തിരികെ വന്നിട്ടില്ല. അര്‍ജന്റീനയിലെ പുതുവര്‍ഷ ആഘോഷത്തിന് ശേഷം മാത്രമേ മെസി ടീമിനൊപ്പം ചേരൂവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ആഘോഷങ്ങളെല്ലാം കഴിഞ്ഞതോടെ മെസി നാളെ പാരീസിലെത്തും. ഇക്കാര്യം പിഎസ്ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ലോകകപ്പ് നേടിയ ശേഷം ആദ്യമായി പാരീസിലെത്തുന്ന മെസിക്ക് ഏത് തരത്തിലുള്ള സ്വീകരണമാണ് ലഭിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പിഎസ്ജിയിലെ സഹതാരം എംബാപ്പെയുടെ ഫ്രാന്‍സിനെയാണ് അര്‍ജന്റീന തോല്‍പ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്വീകരണം എങ്ങനെയായിരിക്കുമെന്നുള്ളത് കൗതുകമുണര്‍ത്തുന്നതാണ്.

ഇപ്പോള്‍ ഗാള്‍ട്ടിയര്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ… ”ചൊവ്വാഴ്ച്ച മെസി പാരീസിലെത്തും. ലോകത്തിലെ ഏറ്റവും മികച്ച ട്രോഫി സ്വന്തമാക്കിയ ശേഷമാണ് മെസി പാരീസിലെത്തുന്നത്. സീസണില്‍ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരം കൂടിയാണ് മെസി. അക്കാര്യം ഞങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. ആ കടപ്പാട് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ മെസിയെ വലിയ രീതിയില്‍ തന്നെ സ്വീകരിക്കേണ്ടതുണ്ട്.” ഗാള്‍ട്ടിയര്‍ പറഞ്ഞു.

Top