നെയ്മര്‍ ബാഴ്‌സയിലേക്ക് വരുമോ; മെസ്സിക്ക് പറയാനുള്ളത് ഇതാണ്‌

ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചു വരും എന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഇപ്പോള്‍ ഇതാ ലയണല്‍ മെസ്സി തന്നെ അക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

നെയ്മറിന് ബാഴ്‌സയിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹമുണ്ടെന്ന് മെസ്സി പറഞ്ഞു. എന്നാല്‍ നെയ്മറുടെ തിരിച്ചുവരവ് എളുപ്പമായിരിക്കില്ലെന്നും ബാഴ്‌സലോണ നായകന്‍ പറഞ്ഞു.താനും നെയ്മറും ഉറ്റ സുഹൃത്തുക്കളാണ്. മറ്റ് താരങ്ങളേക്കാളേറെ, നെയ്മര്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ വിസ്മയകരമായിരുന്നു. ഒട്ടേറെ സമയം ഒന്നിച്ച് ചിലവഴിക്കാനായി. എന്നാല്‍ പാരിസ് വിടാന്‍ നെയ്മര്‍ക്ക് എളുപ്പം കഴിയില്ലെന്ന് തിരിച്ചറിയുന്നതായും മെസി പറഞ്ഞു.സൂപ്പര്‍താരമായ നെയ്‌മറെ വിട്ടുകൊടുക്കാന്‍ പിഎസ്ജിക്ക് താല്‍പര്യമുണ്ടാകില്ലെന്നും മെസി പറഞ്ഞു.

നാല് സീസണുകളില്‍ ബാഴ്‌സയില്‍ കളിച്ച ശേഷമാണ് നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയത്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മറെ ബാഴ്‌സയില്‍ നിന്ന് പിഎസ്ജി റാഞ്ചിയത്.

Top