ഗോള്‍ഡന്‍ ഷൂ അണിഞ്ഞ് ആറാം തമ്പുരാന്‍; യൂറോപ്പിലെ ഗോളടി വീരന്‍ മെസി തന്നെ

ബാഴ്‌സലോണ: ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസിയെ തേടി വീണ്ടും ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം. ലാ ലിഗ ഫുട്‌ബോളിന്റെ ഈ സീസണില്‍ നേടിയ 36 ഗോളുമായാണ് മെസി യൂറോപ്പില്‍ ഒന്നാമതെത്തിയത്. ഫ്രഞ്ച് ലീഗിലെ ടോപ് സ്‌കോറര്‍ പാരീസ് സെന്റ് ജര്‍മെയ്ന്റെ കിലിയന്‍ എംബപ്പെയെ മറികടന്നാണ് മെസിയുടെ നേട്ടം.

ഇത് ആറാം തവണയാണ് മെസി ഈ നേട്ടം സ്വന്തമാക്കുന്നത്. യൂറോപ്പിലെ ടോപ് അഞ്ച് ലീഗുകളിലെയും ടോപ് സ്‌കോറര്‍ ആയി ഫിനിഷ് ചെയ്യുന്ന താരത്തിനാണ് ഗോള്‍ഡന്‍ ഷൂ ലഭിക്കുക. ഗോള്‍വേട്ടയില്‍ രണ്ടാമതുണ്ടായിരുന്ന എംബപ്പെയ്ക്ക് ഫ്രഞ്ച് ലീഗിലെ അവസാന മത്സരത്തില്‍ ഒരു ഗോള്‍ മാത്രമേ നേടാനായുള്ളൂ. ഇതോടെയാണ് മെസി ഗോള്‍ഡന്‍ ഷൂ ഉറപ്പിച്ചത്.

ഇറ്റാലിയന്‍ ലീഗാണ് ഇനി അവശേഷിക്കുന്നത്. ലീഗിലെ ടോപ് സ്‌കോറര്‍ സംമ്പഡോറിയുടെ ഫാബിയോ ക്വാഗിലേര്‍ല്ലയാണ്. താരത്തിന് ലീഗില്‍ 26 ഗോളാണുള്ളത്. സംമ്പഡോറിയക്ക് ലീഗില്‍ ഒരു മല്‍സരമാണ് ശേഷിക്കുന്നത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗില്‍ 21 ഗോളുമായി നാലാമതാണ് നില്‍ക്കുന്നത്.

Top