അവതാരം എന്ന് പറഞ്ഞാൽ ഇതാണ് ! ! 2019ലും സൂപ്പർ താരമായി ലയണൽ മെസ്സി

പോയ വര്‍ഷത്തെ കായിക രംഗത്തെ മുന്നേറ്റം വിലയിരുത്തിയാല്‍ അത് മെസ്സിക്ക് സ്വന്തമാണ്. 2019 മെസ്സിയെ സംബന്ധിച്ച് ഗോളുകളും പുരസ്‌ക്കാരങ്ങളും നിറച്ച വര്‍ഷം കൂടിയാണ്.

വിപ്ലവ ഇതിഹാസം ചെഗുവേരയുടെ മണ്ണില്‍ നിന്നും ഇതിഹാസ താരമായാണ് ഈ ചരിത്രക്കുതിപ്പ്.

തുടര്‍ച്ചയായ ആറാം വര്‍ഷവും 50 ഗോള്‍ എന്ന നേട്ടം ഇതിനകം തന്നെ മെസ്സി സ്വന്തമാക്കി കഴിഞ്ഞു.

ബാലണ്‍ ഡി ഓറും ഫിഫ മികച്ച കളിക്കാരനുള്ള ഫിഫ പുരസ്‌ക്കാരവും മെസ്സിയെ തേടിയെത്തിയ വര്‍ഷമാണ് 2019.

ബാഴ്‌സക്കും അര്‍ജന്റീനക്കുമായി ഈ വര്‍ഷം 58 കളിയില്‍ നിന്നാണ് 50 ഗോളുകള്‍ മെസ്സി അടിച്ച് കൂട്ടിയത്.18 ഗോളുകള്‍ക്ക് അദ്ദേഹം വഴി ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ഡിപൊര്‍ട്ടീവോ അലാവെസിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ഗോളടിച്ചാണ് മെസ്സി 50 തികച്ചിരിക്കുന്നത്. ഈ കളിയില്‍ 4-1ന് എതിര്‍ടീമിനെ തകര്‍ത്താണ് ബാഴ്‌സ കിരീടം ചൂടിയിരിക്കുന്നത്.

2019 ല്‍ സ്പാനിഷ് ലീഗില്‍ മാത്രം 32 കളിയില്‍ നിന്നായി 34 ഗോളാണ് മെസ്സിയുടേതായി പിറന്നിരുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ എട്ടും സ്പാനിഷ് കിങ്‌സ് കപ്പില്‍ മൂന്നും ഗോളുകള്‍ അദ്ദേഹം നേടുകയുണ്ടായി.

അര്‍ജന്റീനക്കു വേണ്ടി 10 കളികളിലായി അഞ്ചു ഗോളുകളാണ് മെസ്സി നേടിയത്.

MESSIII

MESSIII

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒരു തവണ മാത്രമാണ് 50 ഗോള്‍ നേട്ടം മെസ്സിക്ക് തികക്കാന്‍ കഴിയാതിരുന്നത് അത് 2013 ല്‍ ആയിരുന്നു. ആ വര്‍ഷം 45 ഗോളായിരുന്നു മെസ്സിയുടെ ആകെ സമ്പാദ്യം.

2012 മെസ്സിയെ സംബന്ധിച്ച് ഫുട്‌ബോള്‍ കളത്തില്‍ ഇന്ദ്രജാലം കാട്ടിയ വര്‍ഷം കൂടിയാണ്. ആ വര്‍ഷം അടിച്ച് കൂട്ടിയത് 92 ഗോളുകളാണ്.

ഈ വര്‍ഷം തന്നെ സ്പാനിഷ് ലീഗ് കിരീടവും സുവര്‍ണ പാദുകവും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.

വിധിയോട് പൊരുതി നേടിയ നേട്ടങ്ങളാണ് മെസ്സിയുടേത്. അതിജീവനത്തിന് വേണ്ടിയുള്ള കൊച്ചു ബാലന്റെ പോരാട്ടങ്ങള്‍ക്ക് വഴി ഒരുക്കിയതാകട്ടെ ബാഴ്‌സലോണ ക്ലബുമാണ്.

ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഡോക്ടര്‍മാര്‍ പോലും വിധിയെഴുതിയപ്പോള്‍ ആ വിധിയെഴുത്ത് പൊളിച്ചെഴുതി വിദഗ്ദ ചികിത്സക്ക് മെസ്സിയെ ഏറ്റെടുത്തത് ബാഴ്‌സലോണ ക്ലബായിരുന്നു.

കുഞ്ഞു മെസ്സി ലയണല്‍ മെസ്സിയായി ഉയര്‍ന്നപ്പോഴും ആ കടപ്പാട് അദ്ദേഹം മറന്നിട്ടില്ല. അതു കൊണ്ടാണ് വലിയ ഓഫറുകളുമായി മറ്റു ക്ലബുകള്‍ വന്നപ്പോഴും ബാഴ്‌സലോണയില്‍ തന്നെ ഇപ്പോഴും തുടരുന്നത്.

ലോക ഫുട്ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌ക്കാരം ഇത് ആറാം തവണയാണ് മെസ്സി കരസ്ഥമാക്കിയിരിക്കുന്നത്.

2009, 2010, 2011, 2012, 2015 കാലഘട്ടങ്ങളിലും ഈ പുരസ്‌ക്കാരം നേടിയിരുന്നത് മെസ്സി തന്നെയായിരുന്നു. ലോകത്ത് മറ്റൊരു താരത്തിനും നേടാന്‍ കഴിയാത്ത നേട്ടമാണിത്.

സ്പാനിഷ് ക്ലബ് ബാഴ്‌സലോണയെ ലാ ലിഗ ചാംപ്യന്‍മാരാക്കിയതും അര്‍ജന്റീനയുടെ കോപ്പ അമേരിക്കയിലെ പ്രകടനവുമാണ് മെസ്സിയെ തുണച്ചത്. മെസ്സി യുഗം അവസാനിച്ചു എന്ന് പ്രചരണം നടത്തുന്നവര്‍ക്കുള്ള മാസ് മറുപടി കൂടിയായിരിക്കുകയാണ് ഈ ചരിത്ര നേട്ടം.

ഇരുപത്തിയൊന്നാം വയസ്സില്‍ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍, ഫിഫ വേള്‍ഡ് ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ഇരുപത്തിരണ്ടാം വയസ്സില്‍ തന്നെ അവ രണ്ടും മെസ്സി കരസ്ഥമാക്കുകയും ചെയ്തിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരവും മറ്റാരുമല്ല, അതും മെസ്സി തന്നെയാണ്. അര്‍ജന്റീനക്ക് മറഡോണക്കു ശേഷം ലോകകപ്പ് നേടി കൊടുക്കാന്‍ കഴിയാത്തതൊന്നും മെസ്സിയുടെ ഈ താരപദവിക്ക് തടസ്സമായിട്ടില്ല. ഏറ്റവും കൂടുതല്‍ തവണ ലോക ഫുട്‌ബോളര്‍ പട്ടം നേടി എന്നത് മാത്രമല്ല, കേരളം ഉള്‍പ്പെടെ ലോകത്തെവിടെയും വന്‍ ആരാധക പടയെ സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നത് കൂടിയാണ് മെസ്സിയുടെ പ്രധാന നേട്ടം.

കൊച്ചു കുട്ടികളെ മുതല്‍ പ്രായമായവരെ ഉള്‍പ്പടെ ടെലിവിഷന് മുന്നില്‍ നിന്നും തുള്ളിച്ചാടിക്കാന്‍ കളിക്കളത്തിലെ ഈ മാന്ത്രിക കാലുകള്‍ക്ക് ഇപ്പോഴും കഴിയുന്നുണ്ട്.

മെസ്സിയുടെ അര്‍ജന്റീന, ലോകകപ്പ് മത്സരത്തില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് ലോകത്ത് ഒരു ആരാധകന്‍ ആത്മഹത്യ ചെയ്തത് നമ്മുടെ കൊച്ചു കേരളത്തിലാണ്.

കോട്ടയം സ്വദേശിയായ ഡിനു അലക്‌സ് മെസ്സിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ മനം നൊന്താണ് ജീവനൊടുക്കിയത്. ലോകത്തെ ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

കളിക്കളത്തില്‍ മാത്രമല്ല, ജീവിതത്തിലും മാന്യമായി മാത്രം പെരുമാറുന്ന മെസ്സിയുടെ എളിമ, അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ മറ്റൊരു പ്രധാന ഘടകമാണ്.

എതിരാളികളില്ലാത്ത കളിക്കളത്തിലെ ഈ രാജാവിന് 2020 എങ്ങനെയാകും എന്നാണ് ഇനി കണ്ടറിയേണ്ടത്. അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത് 2022 ലെ ഖത്തര്‍ ലോകകപ്പുകൂടി അര്‍ജന്റീനക്ക് നേടികൊടുത്തേ മെസ്സി കളിക്കളം വിടുകയൊള്ളൂ എന്നാണ്.

Staff Reporter

Top