മെസി തരംഗം കാമ്പസുകളിലും ശക്തം, ചെഗുവേരയുടെ മണ്ണിലെ മുത്തെന്ന് വിദ്യാർത്ഥികൾ

ലോകത്ത് ഏറ്റവും അധികം ആരാധകര്‍ ഉള്ള വ്യക്തിയെ തേടി സമഗ്രമായ ഒരു വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍, അവിടെ തിരഞ്ഞെടുക്കപ്പെടുന്ന താരം അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ആയിരിക്കും. അക്കാര്യത്തില്‍ മെസിയുടെ വിമര്‍ശകര്‍ക്കു പോലും മറിച്ചൊരു അഭിപ്രായമുണ്ടായിരിക്കുകയില്ല. അര്‍ജന്റീനയില്‍ നിന്നു തുടങ്ങി ലോകമാകെ പടര്‍ന്ന് ഈ കൊച്ചു കേരളത്തില്‍ പോലും ജനമനസ്സുകളില്‍ ഇടം പിടിച്ച താരമാണ് മെസി.

ക്യൂബന്‍ വിപ്ലവകാരിയായ ചെഗുവേര ജനിച്ച റൊസാരിയോയില്‍, ചെഗുവേരയുടെ വീരകഥകള്‍ കേട്ടാണ് മെസി വളര്‍ന്നത്. ലോകമാകെ ആരാധിക്കുന്ന ഈ ഫുട്‌ബോളര്‍ ആരാധിക്കുന്നതും ചെഗുവേരയെയാണ്. ചോര ചീന്തിയ വിപ്ലവത്തിലൂടെയാണ് ലോകത്തെ പൊരുതുന്ന മനസ്സുകള്‍ക്ക് ചെഗുവേര ആവേശമായതെങ്കില്‍, കാല്‍പന്തുകളിയിലെ ‘വിപ്ലവ’ത്തിലൂടെയാണ് മെസി ജനഹൃദയങ്ങളെ കീഴടക്കിയിരിക്കുന്നത്. മെസിയുടെ ജനപ്രീതിയെ ചെഗുവേരയോട് ഉപമിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങളും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊറോണക്കാലത്ത് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലേ ക്വിപ്പ് ആനിമേഷനിലൂടെ ചെഗുവേരയെ പോലെ മെസ്സിയെ രൂപപ്പെടുത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ‘ലയണല്‍ മെസി ദ ചെ ഓഫ് ബാഴ്‌സ ‘ എന്ന തലക്കെട്ടും ഈ ഫോട്ടോക്ക് അടിക്കുറുപ്പായി അവര്‍ നല്‍കിയിരുന്നു. ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്ന ഈ അര്‍ജന്റീനിയന്‍ നായകനെ കാത്തിരിക്കുന്നതും അപൂര്‍വമായ നേട്ടങ്ങളാണ്. അഞ്ച് ലോകകപ്പുകള്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരവും ഇനി 35കാരനായ മെസിയാകും. 36ആം വയസ്സില്‍ ഇറ്റലിയുടെ ഗോള്‍വല കാത്ത ജിയാന്‍ലൂജി ബഫണിന്റെ റെക്കോര്‍ഡാണ് മെസി ഖത്തറില്‍ സ്വന്തം പേരിലാക്കുക.

സൗദി അറേബ്യക്കെതിരെ നവംബര്‍ 22ന് ബൂട്ട് കെട്ടുമ്പോള്‍ മെസ്സി മറികടക്കുന്നത് നാല് ലോകകപ്പുകള്‍ കളിച്ച സാക്ഷാല്‍ ഡീഗോ മറഡോണയെയും ഹാവിയര്‍ മഷെരാനോയെയും ആണ്. അര്‍ജന്റീനയുടെ ലോകകപ്പ് ഗോള്‍ സ്‌കോറര്‍മാരില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് മെസിയുള്ളത്. ഖത്തറില്‍ നാല് തവണ ലക്ഷ്യം കണ്ടാല്‍, 10 ഗോളുകളുള്ള ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പവും മെസി എത്തും. അതും മറി കടന്നാല്‍ മറ്റൊരു ചരിത്രവുമാകും.


ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും കളിച്ചാല്‍, അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമായും മെസി ചരിത്രത്തില്‍ ഇടംപിടിക്കും. ലോക ഫുട്‌ബോള്‍ കിരീടം ഏറ്റവും കൂടുതല്‍ നേടിയ മെസി, സ്വന്തം രാജ്യത്തിനായി കോപ്പ അമേരിക്ക കപ്പും എത്തിച്ചു കഴിഞ്ഞു. ഇനി ബാക്കിയുള്ളത് ലോകകപ്പ് മാത്രമാണ്. അതും കൂടി സാധ്യമായാല്‍ , അദ്ദേഹത്തിന്റെ ജീവത ലക്ഷ്യം മാത്രമല്ല, ലോകത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ കൂടി സ്വപ്നം കൂടിയാണ് നിറവേറ്റപ്പെടുക. ( എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികളുടെ പ്രതികരണം കാണുക)

                                                                   EXPRESS KERALA VIEW

Top