പകരക്കാരനായ് മെസ്സി എത്തി; ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്ത് മെസ്സി. കളിയുടെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങാതിരുന്ന മെസ്സി രണ്ടാംപകുതിയില്‍ പകരക്കാരനായെത്തി വിജയം കൊയ്യുകയായിരുന്നു. സ്പാനിഷ് ലീഗിലെ 20ാം റൗണ്ട് മല്‍സരത്തിലാണ് ലെഗനസിനെ 13ന് നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ പരാജയപ്പെടുത്തിയത.

ഒരു ഗോള്‍ നേടുന്നതോടൊപ്പം മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തതിലൂടെയാണ് മെസ്സി വീണ്ടും ബാഴ്‌സയുടെ സൂപ്പര്‍ ക്യാപ്റ്റനും ഹീറോയുമായത്. വ്യത്യസ്ഥ ടൂര്‍ണമെന്റുകളില്‍ നിന്നായി ബാഴ്‌സ നേടുന്ന ഏഴാം വിജയമാണിത്. കളിയുടെ 32ാം മിനിറ്റില്‍ ഉസ്മാനെ ഡെംബാലെയിലൂടെ ബാഴ്‌സ ആദ്യ ഗോള്‍ നേടിയിരുന്നു. എന്നാല്‍, 57ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബ്രായ്ത്‌വെയ്റ്റിലൂടെ ലെഗനസ് മല്‍സരത്തില്‍ ഒപ്പമെത്തി. 64ാം മിനിറ്റില്‍ മെസ്സിയെത്തിയതോടെ ബാഴ്‌സ കൂടുതല്‍ കരുത്താര്‍ജിച്ചു. 71ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ ലൂയിസ് സുവാറസിലൂടെ ബാഴ്‌സ വീണ്ടും ലീഡ് നേടി.

കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ മെസ്സി ബാഴ്‌സ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. വിജയത്തോടെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് അകലം അഞ്ചാക്കി ഉയര്‍ത്താനും ബാഴ്‌സയ്ക്കായി. 20 മല്‍സരങ്ങളില്‍ നിന്ന് 46 പോയിന്റുമായാണ് ബാഴ്‌സ ലീഗില്‍ തലപ്പത്ത് തുടരുന്നത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ബെറ്റിസ് 32ന് ജിറോണയെയും ലെവന്റെ 20ന് വല്ലാഡോലിഡിനെയും തോല്‍പ്പിച്ചപ്പോള്‍ വിയ്യാറയല്‍ അത്‌ലറ്റിക് ബില്‍ബാവോ (11), റയോ വല്ലെക്കാനെ റയല്‍ സോസിഡാഡ് (22) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

Top