ലോകകപ്പ് കിരീടവുമായി പറന്നിറങ്ങി മെസിയും കൂട്ടരും

ബ്യൂണസ് ഐറിസ്: 36 വർഷങ്ങൾക്ക് ശേഷം ലോക കിരീടം അർജന്റീനയുടെ മണ്ണിൽ. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം ചൂടിയ മെസിയും സംഘവും അർജന്റീനയിൽ എത്തി. പുലർച്ചെ രണ്ട് മണിക്കും പതിനായിരങ്ങളാണ് കിരീടവുമായി വരുന്ന സംഘത്തെ കാത്ത് ബ്യൂണസ് ഐറിസിൽ കാത്ത് നിന്നത്.

കിരീടവും കയ്യിൽ പിടിച്ച് മെസിയാണ് വിമാനത്തിൽ നിന്ന് ആദ്യം പുറത്തിറങ്ങിയത്. ലോക കീരീടം തന്റെ ഇടത് കൈകൊണ്ടുയർത്തി കാണിച്ച് മെസി പടികളിറങ്ങി…പിന്നിലായി സ്‌കലോനിയും. പിന്നാലെ സഹതാരങ്ങൾക്കൊപ്പം ലോക ചാമ്പ്യന്മാർ എന്നെഴുതിയ തുറന്ന ബസിലേക്ക്…വിമാനത്താവളത്തിൽ നിന്ന് ഒബലെഷ്‌ക് ലക്ഷ്യമാക്കി ഇരുവശത്തും തിങ്ങി നിറഞ്ഞ ജനത്തിന് നടുവിലൂടെ കിരീടവുമായി മെസിയേയും സംഘത്തേയും വഹിച്ച് ബസ് നീങ്ങി.

ഒരു ടീം ഒരു രാജ്യം ഒരു സ്വപ്‌നം എന്നാണ് മെസിയും സംഘവും എത്തിയ വിമാനത്തിൽ എഴുതിയിരുന്നത്. വിജയം ആഘോഷിക്കാൻ അർജന്റീനയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് അർജന്റൈൻ പ്രസിഡന്റിന്റെ വസതിയിലേക്ക് മെസിയും കൂട്ടരും പോകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലോകകപ്പ് ജയം ആഘോഷിച്ച് ജനം നിറഞ്ഞെത്തിയ ഒബലഷ്‌ക്കിലേക്കാണ് കിരീടവുമായി ടീം പോവുക…

Top