മെര്‍സല്‍ വിതരണത്തിനെടുത്തത് 6കോടിക്ക്, കേരളത്തില്‍ ഇതിനകം നേടിയത് 15 കോടി !

കൊച്ചി: മലയാള സിനിമാലോകത്തെ ഞെട്ടിച്ചു കൊണ്ട് കേരളത്തിലും റെക്കോര്‍ഡ് കളക്ഷനുമായി മെര്‍സല്‍ . .

തമിഴ് സൂപ്പര്‍ താരം വിജയ് അഭിനയിച്ച വിവാദ തമിഴ് സിനിമ കേരളത്തില്‍ നിന്നും വാരി കൂട്ടിയ കോടികള്‍ കണ്ട് ഇപ്പോള്‍ കണ്ണു തള്ളിയിരിക്കുകയാണ് മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍.

ഇതിനകം 15 കോടി രൂപയാണ് മെര്‍സല്‍ കളക്ട് ചെയ്തിരിക്കുന്നത്.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും കാലിടറിയ സമയത്താണ് റിലീസായ 10 ദിവസം കൊണ്ട് ഈ ചരിത്ര നേട്ടം വിജയ് സിനിമ നേടിയതെന്നതും ശ്രദ്ധേയമാണ്.

ആറു കോടി രൂപക്ക് മെര്‍സലിന്റെ കേരളത്തിലെ വിതരണാവകാശവും ഗ്ലോബല്‍ യുനൈറ്റഡ് മീഡിയയാണ് സ്വന്തമാക്കിയിരുന്നത്.

കേരളത്തില്‍ ഏറ്റവും അധികം തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയും മെര്‍സല്‍ തന്നെയാണ്, 290 തിയറ്ററുകളില്‍.

കഴിഞ്ഞ ദിവസം റിലീസായ മോഹന്‍ലാലിന്റെ ‘വില്ലന്‍’ 275 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്.

സിനിമയെക്കുറിച്ചുള്ള മോശം റിപ്പോര്‍ട്ടുകള്‍ വില്ലന് ‘വില്ലനായപ്പോള്‍’ അതിന്റെ ആനുകൂല്യവും മെര്‍സലിന് തന്നെയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജി.എസ്.ടിക്കെതിരായ വിമര്‍ശനത്തെ തുടര്‍ന്ന് ബി.ജെ.പി പരസ്യമായി എതിര്‍പ്പുമായി രംഗത്ത് വന്നത് നാഷണല്‍ ലെവലില്‍ തന്നെ മെര്‍സലിനെ വിവാദത്തിലാക്കായിരുന്നു.

കേരളത്തിലും മെര്‍സലിന് പിന്തുണയുമായി രാഷ്ട്രീയ- സാംസ്‌കാരിക നായകരും മാധ്യമ പ്രവര്‍ത്തകരുമെല്ലാം രംഗത്തിറങ്ങുകയുണ്ടായി.

ഇത്രയധികം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു സിനിമയും സമീപകാലത്ത് റിലീസായിട്ടില്ല.

വിജയ് എന്ന തമിഴ് നടനെ രാജ്യത്താകെ അറിയപ്പെടുന്നതിനും ഈ സിനിമ കാരണമായി.

തമിഴ്‌നാടിനോട് കിടപിടിക്കുന്ന തരത്തില്‍ വലിയ ആരാധകര്‍ ദളപതി എന്നറിയപ്പെടുന്ന വിജയിക്ക് കേരളത്തിലുണ്ട്.

അതുകൊണ്ട് തന്നെയാണ് മോഹന്‍ലാല്‍ – മമ്മൂട്ടി സിനിമകള്‍ക്ക് പോലും ലഭിക്കാത്ത മികച്ച ഓപ്പണിങ്ങ് വിജയ് സിനിമകള്‍ക്ക് ഇവിടെ ലഭിക്കുന്നത്.

മലയാളത്തിലേക്ക് മൊഴിമാറ്റിയ ബാഹുബലി കേരളത്തില്‍ വലിയ സാമ്പത്തിക വിജയം നേടിയതിനേക്കാള്‍ സിനിമാ ലോകത്തെ ഞെട്ടിച്ചത് മൊഴി മാറ്റാതെ എത്തിയ മെര്‍സലിന്റെ വിജയമാണ്.

Top